തിരുവനന്തപുരം> ഡല്ഹി ജി ബി പന്ത് ആശുപത്രിയില് ജോലി ചെയ്യുന്ന നഴ്സുമാര് പരസ്പരം മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് ആശുപത്രി അധികൃതര് അടിയന്തിരമായി പിന്വലിക്കണമെന്ന്
ഫിഷറീസ് സാംസ്ക്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന് ആവശ്യപ്പെട്ടു.
മാതൃഭാഷ സംസാരിക്കുന്നതിന് വിലക്ക് ഏര്പ്പെടുത്തുന്നത് നീതികരിക്കുവാന് കഴിയുന്ന നടപടിയല്ല. ഇന്ത്യന് ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷയായ മലയാളത്തിന് വിലക്ക് ഏര്പ്പെടുത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ഏത് പ്രദേശത്ത് ജീവിച്ചാലും മാതൃഭാഷയില് ആശയവിനിമയം നടത്തുക എന്നത് ഏതൊരാളുടെയും അവകാശമാണ്. സ്വന്തം നാടിനെയും അവിടുത്തെ സംസ്കാരത്തെയും അടയാളപെടുത്തുവാന് മാതൃഭാഷയിലുള്ള ആശയവിനിമയം ഉപകരിക്കും.
കോവിഡ് കാലത്ത് രാപകല് വ്യത്യാസമില്ലാതെ രോഗീ പരിചരണത്തില് ഏര്പ്പെട്ടിരിക്കുന്നവരാണ് നഴ്സുമാര്.ജന്മനാട്ടില് നിന്നകന്ന് തൊഴില് ചെയ്യുന്ന അവര്ക്ക് മാനസിക സംഘര്ഷം കുറയ്ക്കുവാനും ആത്മവിശ്വാസത്തോടെ ജോലി ചെയ്യുവാനും സഹപ്രവര്ത്തകരായ മലയാളികളുമായി മാതൃഭാഷയില് സംസാരിക്കാന് ലഭിക്കുന്ന അവസരം പ്രയോജനപ്പെടും.
അതുകൊണ്ട് മനുഷ്യത്വ രഹിതമായ ഈ നടപടിയില് നിന്നും ഡല്ഹി ജെ ബി പന്ത് അധികൃതര് എത്രയും വേഗം പിന്വാങ്ങണമെന്ന് ആവശ്യപ്പെടുന്നുവെന്നും സജി ചെറിയാന് പറഞ്ഞു