കൊച്ചി: ആലുവയിൽ ഇരുപത്തിരണ്ട് ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് മുതുകുളം സ്വദേശി സനൂപ് (24) ഇയാളുടെ ഭാര്യയായ റിസ്വാന (രാഖി.ആർ 21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബാഗ്ലൂർ കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സിൽ ദമ്പതികൾ ലഹരിമരുന്നുമായി യാത്ര ചെയ്യുന്നുവെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ..കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്താനാണ് ഇവർ മയക്കുമരുന്നു കൊണ്ടുവന്നത്. പിടികൂടിയ എം.ഡി .എം. എയ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരും. സനൂപ് വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. അന്വേഷണ സംഘത്തിൽ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാർ , ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്.രാജേഷ്, എസ് ഐ മാരായ ആർ.വിനോദ്, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ കെ.എ ഷിഹാബ് , ഷൈജാ ജോർജ്ജ്, സി.പി.ഒ മാരായ മുഹമ്മദ് അമീർ, പി.എ.അൻസാർ, സൗമ്യമോൾ, ഡാൻസഫ് ടീം എന്നിവരുമുണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക്ക് പറഞ്ഞു.
ശിവപ്രസാദ്, ആബിദ്
അങ്കമാലിയിലും കോടികളുടെ മയക്കുമരുന്നുവേട്ട. അങ്കമാലി കറുകുറ്റിയിൽ രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറൽ പോലിസ് പിടികൂടി. ചേർത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം 29 ), തളിപ്പറപ്പ് മന്ന സി.കെ ഹൗസിൽ ആബിദ് (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടു കിലോയോളം എം.ഡി.എം.എ ഇവരിൽ നിന്ന് പിടികൂടി. രാജ്യാന്തര മാർക്കറ്റിൽ കോടികൾ വിലവരും. ചെന്നെയിൽ നിന്നും കൊണ്ടുവന്നതാണിത്. എസ്.പി കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്നതാണിത്. മുനമ്പം കുഴുപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് സംഘം. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണിത്. ഏ.ഡി.എസ്.പി എസ്. മധുസൂദനൻ, ഡി.വൈ.എസ്.പി മാരായ അശ്വകുമാർ, ടി.എസ്. സിനോജ്, എസ്.ഐ കെ. അജിത്ത്, ഡാൻസാഫ് ടീം എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.