കോഴിക്കോട്: മാതൃഭൂമിയുടെ ദീർഘകാല അനുഭവം രണ്ട് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിൽ തനിക്ക് വഴികാട്ടിയാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോടിന്റെ ചരിത്രവുമായി ഏറെ പ്രാധാന്യമുള്ളതാണ് മാതൃഭൂമി. ലഭിക്കുന്ന നിർദേശങ്ങൾ പഠിക്കുമെന്നും പറ്റാവുന്ന കാര്യങ്ങളൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാതൃഭൂമി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഏറ്റവും മുന്നോട്ട് പോവാൻ സാധിക്കുന്ന വിഭാഗമാണ് ടൂറിസം. ഓരോ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രങ്ങമെങ്കിലും സ്ഥാപിക്കുകയാണ് ലക്ഷ്യം. വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. റെസ്പോൺസിബിൾ ടൂറിസത്തിനും ഹെൽത്ത് ടൂറിസത്തിനും ഏറെ പ്രാധാന്യം നൽകാൻ ശ്രമിക്കുമെന്നും റിയാസ് ചൂണ്ടിക്കാട്ടി.
മലയോര ഹൈവേയുടെ നിർമാണത്തിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എം.പിയുമായ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. പശ്ചിമഘട്ട മലനിരകൾക്ക് ഏറെ പ്രധാന്യമുള്ള സംസ്ഥാനത്ത് ഇത് എങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. റോഡുകളിൽ വാഹനം കുറയണമെങ്കിൽ ജലഗതാഗതം പ്രോത്സാഹിപ്പിക്കണം. ജലഗതാഗതത്തിന് ഏറെ സാധ്യതയാണ് കേരളത്തിനുള്ളത്. ഇതിനെ കാണാതെ പോവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം വികസനത്തിൽ മലബാറിന്റെ തന്നെ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണ് വയനാട്. പക്ഷെ ടൂറിസം വികസനം നടപ്പിലാക്കുമ്പോൾ ആ സ്ഥലങ്ങളിലെ പ്രാദേശിക അഭിപ്രായം കൂടി മാനിക്കണം. ഒപ്പം പരിചയ സമ്പന്നതയും പരിഗണിക്കണം. താഴേക്കിടയിൽനിന്ന് പ്രവർത്തിച്ച് ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് മന്ത്രിയായ മുഹമ്മദ് റിയാസിന് ഏറെ കാര്യങ്ങൾ ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എഡിറ്റർ(പിരിയോഡിക്കൽസ് ആൻഡ് ഡിജിറ്റൽ) ഒ.ആർ. രാമചന്ദ്രൻ, ഡെപ്യൂട്ടി എഡിറ്റർ വി. രവീന്ദ്രനാഥ്, ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രൻ, ചീഫ് മാനേജർ പബ്ലിക്ക് റിലേഷൻ കെ.ആർ പ്രമോദ് എന്നിവർ പങ്കെടുത്തു.
Content Highlights:PA Muhammed Riyas Visits Mathrubhumi