തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേരളത്തില് ഒഴുക്കിയ കള്ളപ്പണത്തിന്റെ ഒരംശത്തിന്റെ കണക്കാണ് പുറത്തുവന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. മഞ്ഞുമലയുടെ അറ്റംമാത്രമാണിത്. എല്ലാദിവസവും പുതിയ വിവരങ്ങളാണ് വെളിപ്പെടുന്നത്.
ഇക്കാര്യങ്ങളില് നിലവിലെ അന്വേഷണം കാര്യക്ഷമമാണ്. ലോക പരിസ്ഥിതി ദിനത്തില് എ കെ ജി സെന്ററിനു സമീപത്തെ ഫ്ളാറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടശേഷം മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരത്ത് സ്ഥാനാര്ഥിത്വത്തില്നിന്ന് പിന്മാറാന് പണം നല്കിയെന്ന വെളിപ്പെടുത്തലും അന്വേഷിക്കണം. സ്ഥാനാര്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക നിശ്ചയിച്ചിട്ടുണ്ട്. ഇതിനപ്പുറമെയുള്ള ചെലവ് രാഷ്ട്രീയ പാര്ടികളുടെ കണക്കിലാണ് പെടുക. ബിജെപി സമര്പ്പിച്ച കണക്കുകളില് ഇക്കാര്യങ്ങളും ഉള്പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം.
കേന്ദ്ര ഏജന്സികള്ക്ക് കേസ് വിട്ടാല് സംഭവിക്കുന്നത് കണ്ടറിയേണ്ടിവരും. ഇപ്പോള് പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില് അന്വേഷണത്തിന് മുന്കൈ എടുക്കാന് കേന്ദ്ര ഏജന്സികള് തയ്യാറായിട്ടില്ല. നിലവിലെ അന്വേഷണവുമായി സഹകരിക്കുന്നതായിരിക്കും എല്ലാവര്ക്കും അഭികാമ്യം. ഇത്തരത്തിലുള്ള ഇടപെടലുകള് തെരഞ്ഞെടുപ്പില് ഉണ്ടാകാതിരിക്കാന് എല്ലാവരും നടപടി സ്വീകരിക്കണം.
പ്രത്യേക അന്വേഷണ സംഘം വേണമോ എന്നതില്, നിലവിലെ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി സംസ്ഥാന സര്ക്കാരാണ് തീരുമാനിക്കേണ്ടത്.ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടിയുടെ മൊഴിയെടുത്തതില് ഒരു രാഷ്ട്രീയ പകപോക്കലുമില്ലെന്ന് കോടിയേരി വ്യക്തമാക്കി.
രാഷ്ട്രീയ പകപോക്കല് ഇടതുപക്ഷ മുന്നണിയുടെ സമീപനമല്ല. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തില്മാത്രമേ നടപടി സ്വീകരിക്കൂ. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികളെന്നും കോടിയേരി പറഞ്ഞു.