തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിസിലെപരാതിക്കാരൻ ധർമരാജനെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പല തവണഫോണിൽ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും. എന്നാൽ തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾക്കായി പലതവണ വിളിച്ചിരുന്നുവെന്നും എന്നാൽ കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും ദിപിനും ലിബീഷും മൊഴി നൽകി.
കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവർ ലിബീഷിനേയുമാണ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നുമാണ് ഇരുവരും മൊഴി നൽകിയത്. എന്നാൽ ഇവർ എല്ലാവരും ഒരേ മൊഴി തന്നെ നൽകുന്നതിനാൽ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
എല്ലാവരും കൂടിയാലോചിച്ച് മൊഴി നൽകുന്നു എന്ന സംശയത്തിലാണ് പോലീസ്. പോലീസ് അന്വേഷണത്തിൽ ധർമരാജന് തിരഞ്ഞെടുപ്പ് ചുമതലയില്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൊഴികൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നാണ് പോലീസിന്റെ നിലപാട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് മുന്നോട്ട് വെയ്ക്കുന്നു.
കേസുമായി മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകന് ബന്ധമുണ്ടെന്ന കാര്യം പുറത്തുവരുന്നുണ്ട്. കവർച്ചാപണത്തിൽ നിന്ന് പങ്ക് പറ്റിയെന്ന് സംശയിക്കുന്ന രജിലിനെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ്. ചോദ്യം ചെയ്യൽ ഇതുവരെ പൂർത്തിയായിട്ടില്ല.
Content Highlights:Kodakara black money case, K Surendrans secretary and driver questioned