തിരുവനന്തപുരം
തീരപ്രദേശത്തെ ഏറ്റവും ദുർബലമായ പ്രദേശം ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷിക്കും. തീര സംരക്ഷണത്തിന് അനുയോജ്യമായ സാങ്കേതിക മാർഗം കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനം നടത്തുമെന്നും ബജറ്റ് പ്രഖ്യാപനം. പദ്ധതിയുടെ ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബി നൽകും. ജൂലൈയിൽ പ്രവൃത്തി ടെൻഡർ ചെയ്യും. അടുത്ത കാലവർഷത്തിനുമുമ്പ് പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. നാലുവർഷത്തിൽ പദ്ധതി പൂർത്തിയാക്കും. തീരദേശ സംരക്ഷണവും അടിസ്ഥാന സൗകര്യ വികസനവും അഞ്ചുവർഷത്തിൽ പൂർത്തിയാക്കും. ലോകബാങ്ക്, നബാർഡ്, കിഫ്ബി എന്നിവയുടെ ധനസഹായം ഉറപ്പാക്കും.
കേരള എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ചെന്നൈ ഐഐടി, പാലക്കാട് ഐഐടി, എൻജിനിയറിങ് കോളേജ്, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്ധ്യം തീരദേശ സംരക്ഷണത്തിന് ഉപയോഗിക്കും. ആന്റി സ്കവർ ലെയറുള്ള ഇരട്ട ലേയേർഡ് ടെട്രപോഡ്, കണ്ടൽക്കാട്(ടെട്രപോഡുകളിൽ), ആന്റിസ്കവർ ലെയറുള്ള ഡയഫ്രം മതിൽ, റോളിങ് ബാരിയർ സിസ്റ്റം, ജിയോകണ്ടെയ്നറുകൾ, ജിയോട്യൂബുകൾ എന്നിവ പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ തീര സംരക്ഷണ ഡിസൈൻ ഉറപ്പാക്കും. ഇത് അന്തിമമാകുംമുമ്പ് പ്രാദേശിക പങ്കാളിത്തത്തോടെ വിപുലമായ ചർച്ച സംഘടിപ്പിക്കും.
തീരദേശത്തെ സാമൂഹ്യ സംഘടനകളുടെ അഭിപ്രായങ്ങളും ആരായും. മത്സ്യ സംസ്കരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും അഞ്ചു കോടി രൂപയും അനുവദിക്കും.















