തൃശൂർ
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക ഊന്നൽ നൽകാനുള്ള സംസ്ഥാന ബജറ്റ് നിർദേശം സ്വാഗതാർഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ പറഞ്ഞു. പ്രവാസി ക്ഷേമത്തിന് 170കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിനേക്കാൾ തുക വർധിപ്പിച്ചതും ശ്ലാഘനീയമാണ്. 14 ലക്ഷത്തിലേറെപ്പേർ കോവിഡ് മഹാമാരിയുടെ കാലത്ത് വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയെന്നാണ് ബജറ്റ് രേഖയിൽ വ്യക്തമാക്കുന്നത്. പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കാൻ കഴിയേണ്ടതുണ്ട്.
നമ്മുടെ ബാങ്കുകൾ ഇപ്പോഴും പുനരധിവാസ പദ്ധതികളിൽ വെെമുഖ്യം പുലർത്തുന്നു. സമയബന്ധിതമായി പ്രോജക്ടുകൾ നടപ്പാക്കാൻ പ്രവാസികളെ സഹായിക്കുന്ന നയം ബാങ്കുകൾ കൂടി പുലർത്തിയാലേ സ്വയം തൊഴിൽ നയം വിജയകരമാവൂ. പ്രവാസി ക്ഷേമ നിധിയിൽനിന്നുള്ള പെൻഷൻ വർധിപ്പിക്കാൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമുണ്ടായതാണ്. ഇക്കാര്യത്തിലുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. ഗൾഫ് രാജ്യങ്ങളിലെ നിയമ സഹായത്തിന് സർക്കാർ ഏർപ്പെടുത്തിയ സെല്ലുകളുടെ പ്രവർത്തനം എത്രമാത്രം വിജയകരമായി എന്ന് അവലോകനം നടത്തണമെന്നും അബ്ദുൾഖാദർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.