തിരുവനന്തപുരം> ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ ഒരു പ്രഖ്യാപനവും മാറ്റിയിട്ടില്ലെന്നും പുതിയ നികുതി നിർദ്ദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുന്നില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റവതരണത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി .
കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണമായും നടപ്പാക്കും. അതിന് പുറമെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റിൽ നിർദ്ദേശങ്ങൾ വെച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ നികുതി വർദ്ധനവ് അനിവാര്യമാണെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങൾ പ്രഖ്യാപിക്കുന്നില്ല. സാന്പത്തിക പ്രതിസന്ധി മാറിവരുമ്പോൾ നികുതി നിർദ്ദേശങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും.പ്രതിസന്ധിഘട്ടത്തിൽ കടമെടുത്തായാലും വികസനപ്ര്വർത്തനങ്ങൾ നടപ്പാക്കുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
2021ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സിജിഎസ്ടി നികുതി നിയമത്തില് ഭേദഗതി വരുത്തുകയുണ്ടായി. സമാന ഭേദഗതികള് സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തുമെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിന് 1500 കോടി വകയിരുത്തി. വാക്സിന് വേണ്ടി 1000 കോടിയും അനുബന്ധപ്രവർത്തനങ്ങൾക്ക് 500 കോടിയും ചിലവഴിക്കും.കോവിഡ് മൂന്നാം വരവിനെ പ്രതിരോധിക്കാൻ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. കോവിഡ് ബാധിത മേഖലകൾക്കാായി 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുന്നതിനായി 2800 കോടി മാറ്റിവെക്കും.
ഭക്ഷ്യക്കിറ്റ് തുടർന്നും നൽകും. 400 കോടി രൂപയാണ് ഒരുമാസം ആ ഇനത്തിൽ വരുന്ന ചെലവ്. എത്രനാൾകൂടി ഭക്ഷ്യക്കിറ്റ് നൽകണമെന്നത് പിന്നീട് ആലോചിക്കേണ്ട കാര്യമാണ്. തൊഴിലുറപ്പ് ദിനങ്ങൾ 12 കോടിയായി ഉയർത്തുന്നതിലൂടെ വരുമാനം ഉയർത്താനാകും. കുടുംബശ്രീ അയൽ്ക്കൂട്ടങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ ഉറപ്പാക്കും.
കാർഷികമേഖലയുടെ ഉത്തേജനത്തിനായി വിവിധ പാക്കേജുകൾ നടപ്പാക്കും. കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കിമാറ്റുമ്പോൾ കർഷകരുടെ വരുമാനം ഉയരും. പ്രളയസാധ്യത, തീരദേശ സംരക്ഷണം എനിക്ക് അടിയന്തരശ്രദ്ധ ആവശ്യമായതിനാൽ അവക്ക് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.