കോഴിക്കോട്
സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്ഥാനാർഥി സി കെ ജാനുവിന് 10 ലക്ഷം രൂപ നൽകാമെന്നു പറയുന്ന ഫോൺ സംഭാഷണം നിഷേധിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ട്. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായി സംസാരിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ സമ്മതിച്ചു.
ചാനലുകളിലൂടെ ഇപ്പോൾ വരുന്ന ശബ്ദസന്ദേശം പൂർണമല്ല. പ്രസീതയുടെ ശബ്ദസന്ദേശത്തിൽ കൃത്രിമം നടന്നിട്ടുണ്ട്. ശബ്ദസന്ദേശം മുഴുവനായി കേട്ടശേഷം പ്രതികരിക്കാം. മാധ്യമങ്ങൾ ബിജെപി നേതാക്കളുടെ വാക്കുകൾ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്. കൊടകര കുഴൽപ്പണ കേസിൽ പൊലീസ് അധികാരപരിധി കടന്നാണ് ഇടപെടുന്നത്. സംഭവത്തിൽ ബിജെപിക്ക് ബന്ധമില്ല. മാധ്യമങ്ങൾ ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ടവരെയല്ല ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. അർധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേസ് കൊടുക്കട്ടെ: പ്രസീത
സി കെ ജാനുവിനു പത്ത് ലക്ഷം രൂപ നൽകുന്നതുസംബന്ധിച്ച ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖ വ്യാജമാണെങ്കിൽ സുരേന്ദ്രൻ കേസ് കൊടുക്കട്ടെയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ശബ്ദരേഖ എഡിറ്റുചെയ്തതാണെന്ന സുരേന്ദ്രന്റെ വാദം പച്ചക്കള്ളമാണ്. അത് പരിശോധിക്കട്ടെ. വ്യാജമാണെങ്കിൽ ജയിലിൽ പോകാനും താൻ തയ്യാറാണെന്ന് പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
പണം നൽകിയത്
സുരേന്ദ്രൻ നേരിട്ട്
തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടെത്തിയാണ് ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതെന്ന് പ്രസീത പറഞ്ഞു. ജാനു പത്തു കോടി രൂപ ആവശ്യപ്പെട്ടത് കോട്ടയത്തെ ചർച്ചയിലാണ്. എസ്ടി കമീഷൻ ചെയർമാൻസ്ഥാനവും ജാനു ചർച്ചയിൽ ഉന്നയിച്ചിരുന്നു. സുൽത്താൻബത്തേരിയിൽ മത്സരിക്കുന്ന ജാനു മഞ്ചേശ്വരത്ത് പോയതും ദുരൂഹമാണ്. ഇതും പണമിടപാടിനാണെന്ന സംശയമുണ്ട്. പണം ലഭിച്ചതായി ജാനു സമ്മതിച്ചിട്ടുണ്ട്. ഫോൺ സംഭാഷണം നിഷേധിക്കാൻ സുരേന്ദ്രൻ തയ്യാറായിട്ടില്ലെന്നും പ്രസീത പറഞ്ഞു