കോലഞ്ചേരി
നവജാതശിശുവിനെ വെള്ളംനിറഞ്ഞ പാറമടയിൽ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ പിടിയിൽ. തിരുവാണിയൂർ പഴുക്കാമറ്റത്താണ് നാടിനെ നടുക്കിയ സംഭവം. ആറ്റിനിക്കര സ്കൂളിനുസമീപത്ത് താമസിക്കുന്ന പഴുക്കാമറ്റത്തുവീട്ടിൽ ശാലിനിയാണ് (36) പിടിയിലായത്. പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച പുലർച്ചെ ഒന്നോടെ പ്രസവവേദന അനുഭവപ്പെട്ട ശാലിനി, വയറുവേദനയാണെന്ന് ഇളയമകനോട് പറഞ്ഞശേഷം പുറത്തിറങ്ങി. വീടിനടുത്തുള്ള റബർതോട്ടത്തിലെത്തി ആൺകുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി സ്വയം മുറിച്ചുമാറ്റിയശേഷം കൈയിൽ കരുതിയ രണ്ട് ഷർട്ടുകളിൽ കുഞ്ഞിനെ പൊതിഞ്ഞു. 500 മീറ്റർ അകലെയുള്ള പാറമടയുടെ സമീപത്തെത്തി അഞ്ചുകിലോയോളം ഭാരംവരുന്ന കല്ലെടുത്ത് ദേഹത്ത് വരിഞ്ഞുകെട്ടിയശേഷം മടയിലേക്ക് വലിച്ചെറിഞ്ഞു.
വർഷങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ഇവർക്ക് നാലു മക്കൾകൂടിയുണ്ട്. ഒരു മകൾ വിവാഹിതയാണ്. താൻ വീണ്ടും അമ്മയായാൽ ഉണ്ടാകുന്ന നാണക്കേടോർത്താണ് കുഞ്ഞിനെ പാറമടയിൽ എറിഞ്ഞതെന്ന് ശാലിനി പൊലീസിനോട് പറഞ്ഞു. രക്തം നഷ്ടപ്പെട്ട് അമ്മ അവശനിലയിൽ കിടക്കുന്നതായി മൂത്തമകൻ അച്ഛനെ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവ് വീട്ടിലെത്തിയെങ്കിലും അകത്തുകയറാൻ ശാലിനി അനുവദിച്ചില്ല. ഇതോടെ പഞ്ചായത്ത് അംഗത്തെയും നാട്ടുകാരെയും അറിയിച്ചു. എന്നാൽ, അവരെത്തിയപ്പോൾ വീട്ടിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പുത്തൻകുരിശ് പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും അറിയിച്ചു. പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം വ്യക്തമായത്. തുടർന്ന് ചോദ്യം ചെയ്തപ്പോൾ പാറമടയിൽ കുഞ്ഞിനെ എറിഞ്ഞതായി സമ്മതിച്ചു.
ഗർഭിണിയായ വിവരം വീട്ടിലും നാട്ടിലും മറച്ചുവച്ച ഇവർ, പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്താനും തീരുമാനിച്ചിരുന്നതായി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ എറിഞ്ഞതായി പറഞ്ഞ ഭാഗത്ത് മൂന്നു പാറമടകളുള്ളതിനാൽ ആശുപത്രിയിൽനിന്ന് പ്രതിയെ എത്തിച്ചാണ് സ്ഥലം കൃത്യമായി കണ്ടെത്തിയത്. പാറമടയ്ക്കുസമീപമെത്തിച്ച ശാലിനി, കുഞ്ഞിനെ കൊലപ്പെടുത്തിയ രംഗങ്ങൾ കൂസലില്ലാതെ പൊലീസിനോട് വിശദീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം ശാലിനിയുടെ സാന്നിധ്യത്തിൽ ഫയർഫോഴ്സ് സ്കൂബാ സംഘം പാറമടയിൽനിന്ന് കണ്ടെടുത്തു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നും ഇവർ മൊഴിനൽകി. ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. വായിൽ തുണി തിരുകിയനിലയിലായിരുന്നു മൃതദേഹം. മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷമേ വ്യക്തമാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പുത്തൻകുരിശ് ഡിവൈഎസ്പി ജി അജയ്നാഥ് പറഞ്ഞു. പ്രസവസമയത്തും കൊലപ്പെടുത്താനും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കിയ ശാലിനിയെ ആശുപത്രിയിൽ റിമാൻഡ് ചെയ്തു. ആരോഗ്യം മെച്ചപ്പെട്ടശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈഎസ്പി പറഞ്ഞു.