കൊച്ചി: വൈറ്റിലയിൽ ട്രാൻസ്ജെൻഡറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി വേലംകോട് പൊളപ്പാളിൽ വീട്ടിൽ രാജേഷ്(ശ്രീധന്യ-33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വൈറ്റില എൽ.എം. പൈലി റോഡിൽ ചാർളി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം.
താഴത്തെ നിലയിൽ വീട്ടുടമയും കുടുംബവുംമുകളിലത്തെ നിലയിൽ രാജേഷ് ഉൾപ്പെടെ രണ്ട് ട്രാൻസ്ജെൻഡറുകളുമായിരുന്നു താമസം. രാജേഷ് ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു. കോവിഡിനെ തുടർന്ന് ബസ്സ് സർവ്വീസ് നിലച്ചതോടെ ജോലി ഇല്ലാത്ത അവസ്ഥയിലുമായിരുന്നു.
അവണി എന്ന ട്രാൻസ് ജൻഡറായിരുന്നു ആദ്യം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. മേയ് 24ന് ഇവർ നാട്ടിലേക്ക് പോയതോടെയാണ് രാജേഷ് ഇവിടേക്ക് താമസത്തിനെത്തിയത്. സമീപത്ത് തന്നെയുള്ള മറ്റൊരു വീട്ടിൽ ട്രാൻസ്ജെൻഡറുകൾക്കൊപ്പമായിരുന്നു രാജേഷ് മുമ്പ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് 24-ന് ഈ വീട്ടിലേക്ക് താമസത്തിനെത്തിയത്. രണ്ടുദിവസം മുമ്പ് പനി, ഛർദി, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് മുറിയിൽ തന്നെയായിരുന്നു. സമീപത്തെ വീട്ടിലുള്ള സുഹൃത്തുക്കളാണ് ഇയാൾക്ക് ഭക്ഷണവും മരുന്നും എത്തിച്ച് കൊടുത്തിരുന്നത്.
മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് രാജേഷിന്റെ റൂംമേറ്റായിരുന്ന ആവണി അറിയിച്ചത് പ്രകാരം വീട്ടുടമ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറന്നിട്ട നിലയിലായിരുന്നു. തുടർന്ന് മരട് പോലിസിൽ വിവരം അറിയിച്ചു. പരിശോധനയിൽമൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ മരിച്ച വിവരം ലഭിച്ചെങ്കിലും, വ്യാഴാഴ്ച രാവിലെയാണ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാവിലെ തന്നെ കോഴിക്കോട് നിന്നും രാജേഷിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി മരട് സി.ഐ. വിനോദ് കുമാർ അറിയിച്ചു. മരണത്തിൽ അസ്വഭാവികതയില്ലെന്നും, പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു എന്നുമാണ് ലഭ്യമായ വിവരം.
content highlights:transgender found dead in rented house at vyttila