തിരുവനന്തപുരം > പൊതുമരാമത്ത് വകുപ്പ് പ്രവര്ത്തനങ്ങളില് ജനങ്ങളുമായി സംവദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വകുപ്പിന്റെ തത്സമയ ഫോണ് ഇന് പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിര്ദ്ദേശവും കേട്ടത്. ഒരു മണിക്കൂറിനിടയില് ഇരുപതിലധികം ഫോണ് കോളുകള്ക്ക് മന്ത്രി മറുപടി നല്കി.
റോഡിന്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാന് ഉള്ള നിര്ദ്ദേശം, ഡ്രയിനേജുകളുടെ പ്രശ്നം, റോഡരികുകളിലെ മാലിന്യ നിക്ഷേപം തുടങ്ങിയ വിഷയങ്ങള് മന്ത്രിക്ക് മുന്നില് അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ഉടന് നിര്ദ്ദേശം നല്കിയാണ് ഓരോ ഫോണ് കോളുകളും മന്ത്രി അവസാനിപ്പിച്ചത്.
തൃശൂര് ജില്ലയിലെ നെടുമ്പുറയില് റോഡരികില് നാളുകളായി നിര്ത്തി ഇട്ട റോഡ് റോളര് മാറ്റാത്തതാണ് പരാതിയായി ഉന്നയിച്ചത്. വേഗത്തില് റോഡ് റോളര് മാറ്റി റിപ്പോര്ട്ട് നല്കാന് മന്ത്രി ഉദ്യോഗസ്ഥന് നിര്ദ്ദേശം നല്കി. കഴക്കൂട്ടം തോന്നക്കല് – കല്ലൂര് റോഡിലെ പ്രശ്നം ഉയര്ന്നു വന്നപ്പോള് സ്ഥലം സന്ദര്ശിച്ച് നടപടി എടുക്കാന് മന്ത്രി നിര്ദ്ദേശിച്ചു. റോഡരികില് മാലിന്യ നിക്ഷേപം നടത്തുന്നുവെന്ന വീട്ടമ്മയുടെ പരാതിയില് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ആലോചിച്ച് നടപടികള് സ്വീകരിക്കാമെന്ന ഉറപ്പാണ് മന്ത്രി നല്കിയത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് ഓടയില് നിന്നുള്ള വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കാന് ആവശ്യമായ നടപടിക്കും മന്ത്രി നിര്ദ്ദേശം നല്കി.
മഴക്കാലത്തോടനുബന്ധിച്ച് ആഴ്ചയില് ഒരു ദിവസം ജനങ്ങളുടെ അഭിപ്രായം തേടാന് ഫോണ് ഇന് പരിപാടി നടത്താനാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയും മന്ത്രി ജനങ്ങമായി സംവദിച്ചിരുന്നു. ഉന്നയിക്കുന്ന പരാതികള് സമയബന്ധിതമായി പരിഹരിക്കുന്നതിന് കൃത്യമായ വിലയിരുത്തല് നടത്താന് ഉദ്യോഗസ്ഥര്ക്ക് മന്ത്രി നിര്ദ്ദേശം നല്കിയിട്ടുണ്ട്.