ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോർണി പദവിയിൽനിന്ന് അഭിഭാഷകനായ കെ.വി. സോഹൻ രാജിവച്ചു. അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ സുരേഷ് ബാബു തോമസ് എന്നിവരും സർക്കാരിന് രാജിക്കത്ത് കൈമാറി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പുതിയ സ്റ്റേറ്റ് അറ്റോർണിയെ അടുത്ത ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗം നിശ്ചയിക്കും.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം എൻ. മനോജ് കുമാറിനെ പുതിയ സ്റ്റേറ്റ് അറ്റോർണി ആയി നിയമിച്ചേക്കും എന്നാണ് സൂചന. സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ ഭാരവാഹി കൂടിയാണ് എൻ. മനോജ് കുമാർ.ഇടത് മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (മാണി) വിഭാഗവും സ്റ്റേറ്റ് അറ്റോർണി പദവിക്ക് ആയി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സി.പി.എം. ഈ സ്ഥാനം വിട്ട് നൽകില്ലെന്നാണ് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നത്.
കെ.കെ. രവീന്ദ്രനാഥ് രാജിവച്ച അഡീഷണൽ അഡ്വക്കറ്റ് ജനറൽ സ്ഥാനത്തേക്ക് സീനിയർ അഭിഭാഷകനായ അശോക് എം. ചെറിയാൻ നിയമിതനായേക്കും. രഞ്ജിത്ത് തമ്പാൻ രാജിവച്ച അഡീഷണൽ അഡ്വക്കറ്റ് ജനറൽ പദവിയിലേക്ക് സി.പി.ഐ. രണ്ട് പേരുകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകൻ കെ.പി. ജയചന്ദ്രൻ, മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകൻ വി. രാജേന്ദ്രൻ എന്നിവരാണ് പരിഗണന പട്ടികയിൽ ഉള്ളത്. ഇതിൽ കെ.പി. ജയചന്ദ്രന്റെ പേരിനാണ് മുൻതൂക്കം എന്ന് സി.പി.ഐ. വൃത്തങ്ങൾ അറിയിച്ചു.
എ.ഡി.ജി.പി. സ്ഥാനത്തേക്ക് നാല് പേരുകൾ ആണ് സി.പി.എമ്മിന്റെ പരിഗണന പട്ടികയിൽ ഉള്ളത്. ഇതിൽ നിക്കോളാസ് ജോസഫ്, ഗ്രേസിഷ്യസ് കുര്യാക്കോസ് എന്നിവരുടെ പേരുകൾക്ക് ആണ് മുൻതൂക്കം. എന്നാൽ മത, സമുദായ ഘടകങ്ങൾ കൂടി കണക്കിലെടുത്തേ അന്തിമ തീരുമാനം ഉണ്ടാകും.
പുതിയ നിയമ സെക്രട്ടറി നിയമനവും ഉടൻ ഉണ്ടാകും. പി.കെ. അരവിന്ദ് ബാബു വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ ചുരുക്ക പട്ടിക തയ്യാറായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാല് പേരുകളാണ് നിയമ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ്, ജില്ലാ ജഡ്ജിമാരായ വി. ഹരി നായർ, പി.കൃഷ്ണ കുമാർ, തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ എന്നിവരാണ് ചുരുക്ക പട്ടികയിൽ ഉള്ളത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതിൽ ഒരാളെ സംസ്ഥാനത്തിന്റെ പുതിയ നിയമ സെക്രട്ടറിയായി നിയമിച്ചേക്കും.
Content Highlights: State Attorney K V Sohan resigned