കൊച്ചി: തിരുവാണിയൂരിൽ പ്രസവശേഷം യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതായി സംശയം. വീട്ടിൽവെച്ച് പ്രസവിച്ച ശേഷം യുവതിക്ക് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. അതേസമയം, യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പുത്തൻകുരിശ് സി.ഐ. രാജീവ് കുമാർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് 38 വയസുള്ള യുവതി വീട്ടിൽവെച്ച് കുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ അമിത രക്തസ്രാവം ഉണ്ടാവുകയും ബുധനാഴ്ച ഉച്ചയോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ യുവതിയോടൊപ്പം കുഞ്ഞ് ഇല്ലെന്നു മനസിലായപ്പോൾ വിവരം പോലീസിനെ അറിയിച്ചു.
യുവതിയോട് പിണങ്ങി ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കഴിയുകയാണ്. ഭിന്നശേഷിക്കാരനായ ഭർത്താവിന്റെ അച്ഛനും മൂന്ന് മക്കളോടുമൊപ്പമാണ് യുവതി കഴിയുന്നത്.
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കുഞ്ഞിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പുത്തൻകുരിശ് സി.ഐ. പറഞ്ഞു.
Content highlights:woman abandoned the baby after giving birth in Kochi














