തിരുവനന്തപുരം
അനിയന്ത്രിതമായി ഇന്ധനവില കൂട്ടുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇന്ധനവില വർധന അവശ്യസാധന വിലക്കയറ്റം സൃഷ്ടിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും നിയമസഭയിൽ സി എച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
പെട്രോൾ, -ഡീസൽ വില നിയന്ത്രണാധികാരം 2010ലും 2014 ലുമായി കേന്ദ്ര സർക്കാർ കൈവിട്ടു. ഇതോടെ ഇന്ധന വില ക്രമാനുഗതമായി ഉയരാൻ തുടങ്ങി. ക്രൂഡോയിൽ വില താഴുമ്പോൾ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം വെറുതെയായി. അന്താരാഷ്ട്ര കമ്പോളത്തിൽ വില താഴുന്നതിനനുസൃതമായി എക്സൈസ് തീരുവ വർധിപ്പിച്ച കേന്ദ്ര നടപടി പെട്രോൾ, ഡീസൽ വില താഴുന്നത് തടഞ്ഞു. പലപ്പോഴും വില ഉയർത്തി.
ആറു വർഷത്തിൽ പെട്രോളിനും ഡീസലിനും കേന്ദ്ര നികുതി 307 ശതമാനം വർധിച്ചു. ഈ വർഷം 19 തവണ വിലവർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ എക്സൈസ് തീരുവയിൽ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിങ്ങനെ നാലിനമുണ്ട്. ബേസിക് എക്സൈസ് തീരുവയൊഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല. പങ്കിടേണ്ടാത്ത തീരുവകളിലാണ് എല്ലാ വിലവർധനയും. 2021 ഫെബ്രുവരിയിൽ പെട്രോളിന്റെ എക്സൈസ് തീരുവ 32.90 രൂപ. ഇതിൽ നാലു രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട അടിസ്ഥാന എക്സൈസ് തീരുവ. വസ്തുത ഇതായിരിക്കെ സംസ്ഥാനം നികുതി കുറയ്ക്കണമെന്ന വിചിത്രവാദം ചിലർ ഉയർത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.