ആലുവ > കാര്ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം രോഗം മാറിയിരുന്നു. വീട്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും പനിയും അസ്വസ്ഥതയും തോന്നിയതിനെ തുടര്ന്ന് ആലുവ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. പനി ന്യൂമോണിയ ആയതിനെ തുടര്ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണത്തിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അന്ത്യം.
കേരള കാര്ട്ടൂണ് അക്കാദമി മുന് വൈസ് ചെയര്മാനും കാര്ട്ടൂണ് ക്ലബ്ബ് ഓഫ് കേരള കോഡിനേറ്ററുമായിരുന്നു. കാര്ട്ടൂണ്മാന് ബാദുഷ എന്ന അപരനാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. കാര്ട്ടൂണ് കാരിക്കേച്ചര് കൂടാതെ അക്ഷരചിത്രങ്ങള് വരയ്ക്കുന്നതില് പ്രസിദ്ധനായിരുന്നു ബാദുഷ. രാജ്യത്തിനകത്തും പുറത്തുമായി ആയിരകണക്കിന് വിദ്യാര്ത്ഥികളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ടെലിവിഷന് ചാനലുകളില് ചിത്രകല പരിപാടികള് അവതരിപ്പിച്ചിരുന്നു. മോട്ടോര് വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിന് ഇബ്രാഹിം ബാദുഷ വരച്ച കാര്ട്ടൂണുകള് ഉപയോഗിക്കുന്നുണ്ട്. ബാദുഷയുടെ കോവിഡ് ബോധവത്കരണ കാര്ട്ടൂണുകളും അടുത്തകാലത്ത് ശ്രദ്ധ നേടി.
പ്രളയാനന്തരം ആലുവ റെയില്വേ സ്റ്റേഷനില് തത്സമയ കാര്ട്ടൂണ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. കുട്ടികള്ക്കായി ചിത്രകലാപഠനത്തിന് പ്രത്യേകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബാദുഷയുടെ വിയോഗത്തില് കേരള കാര്ട്ടൂണ് അക്കാദമി അനുശോചിച്ചു.
ആലുവ കീഴ്മാട് മഹിളാലയം കല്ലുങ്കല് നബീസയുടേയും പരേതനായ ഹംസയുടേയും മകനാണ്. ഭാര്യ: ഫസീന. മക്കള്: ഫനാന് (11), ഐഷ (7), അമാന് (ഒന്ന്). സഹോദരന് സാബിര്. ആലുവ തോട്ടുമുഖം പഞ്ഞാറെ പള്ളി ഖബര്സ്ഥാനില് ഖബറടക്കം നടത്തി.