തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽകൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സൗമ്യയുടെ മകന്റെ പേരിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭായോഗംതിരുമാനിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 14 പ്രിൻസിപ്പൽ ജില്ലാ കോടതികളിൽ കോർട്ട് മാനേജർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന എട്ട് കോർട്ട് മാനേജർമാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു.
ജയിൽ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിലെ ആറ് തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതൽ നൽകുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Content Highlights: Government announces aid for Soumya santhoshs family