തൃശ്ശൂർ: തൃശ്ശൂരിൽ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുകയും കോവിഡ് ചികിത്സയിൽ വീഴച വരുത്തുകയും ചെയ്ത കോവിഡ് ആശുപത്രി പൂട്ടിച്ചു. തൃശ്ശൂർ പല്ലിശ്ശേരിയിലുള്ള ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിക്കെതിരേയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാത്തതിനാലും മരണം കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാലുമാണ് നടപടി സ്വീകരിച്ചത്.
ഇവിടെ കോവിഡ് കെയർ സെന്റർ എന്ന രീതിയിൽ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥാപനം പ്രവർത്തിച്ചുവരികയായിരുന്നു. തുടർന്ന് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യമില്ലെന്ന് ഡിഎംഓയുടെ പരിശോധനയിൽ കണ്ടെത്തി. ഇവിടെ ഡോക്ടറുടെ കുറവുൾപ്പെടെയുള്ള അപര്യാപ്തകളുണ്ടായിരുന്നു.
പരാതി കിട്ടിയതിനേത്തുടർന്നാണ് അന്വേഷണത്തിന് എത്തിയതെന്ന് തൃശ്ശൂർ ഡിഎംഒ പറഞ്ഞു. സ്ഥാപനം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷൻ എടുത്തിട്ടില്ല. സ്ഥിരമായി മുഴുവൻ സമയ ഡോക്ടറുമില്ല. അതിനാൽ രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അപര്യാപ്തതകൾ പരിഹരിക്കുന്നത് വരെ ആശുപത്രി പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചെന്നും ഡിഎംഒ വ്യക്തമാക്കി.
Content Highlights: Covid treatment hospital shut down in thrissur