കൊച്ചി> വാക്സിന് വില്പ്പനയില് കേന്ദ്ര സര്ക്കാര് കരിഞ്ചന്തക്ക് കൂട്ടുനില്ക്കുകയാണന്ന് കേരളം ഹൈക്കോടതിയില്.കേന്ദ്രനയം മൂലം വിപണിയില് വ്യത്യസ്ത വില ആണന്നും
ന്യായ വിലക്ക് കൊടുക്കാന് കേന്ദ്രം തയാറാവുന്നില്ലെന്നും സര്ക്കാര് വ്യക്തമാക്കി.
എന്തുകൊണ്ട് സംസ്ഥാനത്തിന് കിട്ടാതെ സ്വകാര്യ ആശുപത്രികള്ക്ക് വാക്സിന് ലഭിക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. വില നല്കിയാല് സംസ്ഥാനത്തിന് മുന്ഗണന നല്കാന് കഴിയുമോ എന്ന് വ്യക്തമാക്കാന് ജസ്റ്റീസ് മാരായ മുഹമ്മദ് മുഷ്താക്, കൗസര് ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് കേന്ദ്ര സര്ക്കാരിന് നിര്ദ്ദേശം നല്കി.
ചൊവ്വാഴ്ചക്കകം വിശദീകരണം നല്കണം. വില നല്കാന് തയ്യാറായിട്ടും അന്പത് ശതമാനം ഓപ്പണ് മാര്ക്കറ്റില് ലഭ്യമാക്കുന്ന വാക്സിന് ലഭിക്കുന്നില്ലെന്ന് സംസ്ഥാന മെഡിക്കല് കോര്പറേഷനും വിശദീകരിച്ചു.
ഉല്പ്പാദനത്തിലുള്ള ദൗര്ല്ലഭ്യമാണ് വിതരണത്തില് പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര സര്ക്കാര് വിശദീകരിച്ചെങ്കിലും കേരളത്തില് ചില സ്വകാര്യ ആശുപത്രികള്ക്ക് വാക്സിന് ലഭിക്കുന്നണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില സ്വകാര്യ സ്ഥാപനങ്ങള് വാക്സിനും താമസവും അടക്കമുള്ള പാക്കേജുകള് പരസ്യം ചെയ്യുന്നതായും കോടതി പറഞ്ഞു.
കേന്ദ്ര സര്ക്കാരിന്റെ വാക്സിന് നയം ചോദ്യം ചെയ്ത പൊതുതാല്പ്പര്യ ഹര്ജികളാണ് കോടതി പരിഗണിച്ചത്.കേന്ദ്ര സര്ക്കാരിന്റെ വാക്സിന് നയം മൂലം പൊതുജനം നട്ടം തിരിയുകയാണെന്നും അടിയന്തിര കോടതി ഇടപ്പെടല് ആവശ്യമാണന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടു. എന്നാല് വാക്സിന് വില സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കന്നതിനാല് ഹൈക്കോടതി ഇടപെടരുതെന്നും കേന്ദ്ര സര്ക്കാര് അറിയിച്ചു.
വാക്സിന് വിതരണവുമായി ബന്ധപ്പെട്ട കേസുകള് ഹൈക്കോടതികളാണ് പരിഗണിക്കുന്നതെന്ന് ഹര്ജിക്കാര് വാദിച്ചു.സര്ക്കാരിന് കിട്ടാത്ത വാക്സിന് എങ്ങനെയാണ് സ്വകാര്യ ആശുപത്രികള്ക്ക് കിട്ടുന്നതെന്ന് കോടതി ആരാഞ്ഞു.
സ്വകാര്യ ആശുപത്രികള്ക്ക് കൊടുക്കുന്ന വില നല്കാന് കേരളം തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്
സാധ്യമല്ലെന്ന് സര്ക്കാര് മറുപടി നല്കി.
ജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരീക്ഷണങ്ങള് നടത്തിയതും രാജ്യത്ത് രണ്ട് കമ്പനികളും വാക്സിന് വികസിപ്പിച്ചതെന്ന് ഹര്ജിഭാഗം ബോധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില് പൊതുമേഖല സ്ഥാപനത്തിന് വാക്സിന് നിര്മ്മാണത്തിന് അനുമതി നല്കിയതുപോലെ കേരളത്തിലും ഇക്കാര്യം സാദ്ധ്യമാക്കണമെന്നും ആവശ്യം ഉയര്ന്നു.
വാക്സിന് നിര്മ്മാണം സംബന്ധിച്ച ആലോചനകള് പുരോഗമിക്കുകയാണന്ന് സര്ക്കാര് കോടതിയെ അറിയിച്ചു.