തിരുവനന്തപുരം > കോവിഡ് വാക്സിന് സൗജന്യമായി നല്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമഭ പ്രമേയം പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്ജാണ് പ്രമേയം അവതരിപ്പിച്ചത്. കോവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന ലക്ഷ്യത്തിന് എല്ലാ തലത്തിലുള്ള സര്ക്കാരുകളും പരമപ്രാധ്യാന്യത്തോടെ പ്രര്ത്തിച്ചെങ്കില് മാത്രമേ സാധിക്കൂവെന്നും ഇതിന് ഏറ്റവും പ്രധാനമായത് സാര്വത്രികമായ വാക്സിനേഷനാണെന്നും മന്ത്രി പറഞ്ഞു. വാക്സിന് എല്ലാ ജനവിഭാഗങ്ങള്ക്കും ലഭ്യമാകണമെങ്കില് വാക്സിന് സൗജന്യവും സാര്വത്രികവുമായി നല്കാന് കഴിയണം. വാക്സിനേഷന് എത്രയും പെട്ടെന്ന് പൂര്ത്തീകരിക്കുക എന്നതാണ് ഇപ്പോഴത്തെ അടിയന്തരമായ കടമയെന്നും മന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
വാക്സിന് ഉല്പാദനത്തിലെ കുറവും, വാക്സിന് ലോകത്താകെയുള്ള ആവശ്യക്കാരുടെ എണ്ണവും മുത്തലടുത്ത് പരമാവധി സാമ്പത്തിക ചൂഷണം നടത്താനാണ് വാക്സിന് ഉല്പ്പാദന കമ്പനികള് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില് സര്ക്കാര് ഉടമസ്ഥതയിലെ പൊതുമേഖലയിലുള്ള ഫാര്മസ്യൂട്ടിക്കല് കമ്പനികളില് നിര്ബന്ധിത ലൈസന്സിംഗ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്സിന് നിര്മ്മാണം ആരംഭിക്കാനുള്ള നടപടി കേന്ദ്ര സര്ക്കാര് പരിഗണിക്കണം. വാക്സിനേഷനുമായി ബന്ധപ്പെട്ട് സര്ക്കാര് ചിലവഴിക്കുന്ന തുക വൃഥാവിലാണെന്ന കാഴ്ചപ്പാടല്ല വേണ്ടത്. ജനജീവിതം സാധാരണ നിലയിലാവുകയും വാണിജ്യ വ്യാപാര സേവനരംഗങ്ങള് സ്വാഭാവികത വീണ്ടെടുക്കുകയും പെയ്യുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിയില് നിന്നും രാജ്യത്തെ കൈപിടിച്ചുയര്ത്താന് കഴിയും. ഈ യാഥാര്ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടാന് കേന്ദ്ര സര്ക്കാരിന് കഴിയണം.
മുന്കാലങ്ങളില് മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിനുകള് സൗജന്യമായി നല്കുക എന്നത് ഒരു നയമായി ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാല്, അതില് നിന്നും വ്യത്യസ്തമായ നടപടികളാണ് ഇപ്പോള് കേന്ദ്ര സര്ക്കാരില് നിന്നും ഉണ്ടാകുന്നത്. കേന്ദ്രസര്ക്കാര് വാക്സിന് സൗജന്യമായി നല്കുന്നതിനു പകരം സംസ്ഥാനങ്ങളോട് കമ്പോളങ്ങളില് മത്സരിക്കാനാണ് ഇപ്പോള് നിര്ദ്ദേശിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്ഹമാണ്. സംസ്ഥാനങ്ങള് പ്രത്യേകമായി വാക്സിന് വാങ്ങുന്നതിനു പകരം കേന്ദ്ര സര്ക്കാര് ആഗോള ടെണ്ടറിലൂടെ രാജ്യത്തിനാകെ വാക്സിന് വാങ്ങാന് നടപടിയെടുത്താല് അത് രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക ലാഭം ചെറുതായിരിക്കില്ല.
കേരളത്തില് കോവിഡ് വാക്സിന് ആവശ്യക്കാര്ക്ക് ഫലപ്രദമായ രീതിയില് നല്കാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ട്. അതിനാല് വാക്സിന് ലഭ്യമായാല് ഈ രോഗത്തെ പ്രതിരോധിക്കാന് തീര്ച്ചയായും കഴിയുമെന്നും വീണാ ജോര്ജ് പറഞ്ഞു. മന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി പ്രതിപക്ഷനേതാവ് വി ഡി സതീശനും സംസാരിച്ചു.