കോഴിക്കോട്: എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. സി.കെ. ജാനു പണം ചോദിച്ചതിനെക്കുറിച്ചും പണം കൈമാറുന്നതിനെക്കുറിച്ചും ജെ.ആർ.പി. ട്രഷറർ പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിൽ നടത്തിയ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. കെ.സുരേന്ദ്രനുമായാണ് താൻ സംഭാഷണം നടത്തിയതെന്നും ശബ്ദരേഖ സത്യമാണെന്നും പ്രസീത പറഞ്ഞു. ഇതനുസിച്ച് കെ.സുരേന്ദ്രൻ സി.കെ. ജാനുവിന് പണം കൈമാറിയിട്ടുണ്ടെന്നും പ്രസീത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഫോൺസംഭാഷണത്തിന്റെ പൂർണരൂപം:
കെ.സുരേന്ദ്രൻ: ഹലോ…
പ്രസീത: ഹലോ.. സാർ, ഞാൻ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്.
കെ.സുരേന്ദ്രൻ: ആ…
പ്രസീത: ആ.. ഞാൻ മുമ്പേ ആ കാര്യമാണ് പറഞ്ഞത്. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് അത് നമുക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ് സാറിനും ഉൾക്കൊള്ളാൻ പറ്റാത്തതാണ് എന്ന് നമുക്ക് അറിയാം.
കെ.സുരേന്ദ്രൻ: ഇപ്പോ അവരെന്താ പറയുന്നത്?
പ്രസീത: നിലവിൽ, ഇപ്പോ… ഞാൻ കാര്യം തുറന്നുപറയാം സാറിനോട്. നമ്മൾ അവിടെന്ന് ഇങ്ങോട്ട് വരുന്ന വഴിയിൽ നമ്മൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. കാരണം സാറ് പറഞ്ഞത് നമ്മൾക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ട്. അവർക്ക് അത് അധികം ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല. അവർ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവർ ലാസ്റ്റ് ടൈമിൽ ഒരുകാര്യം പറഞ്ഞു. അവർ മുമ്പ് സി.പി.എമ്മിൽ ഉണ്ടായ സമയത്ത്, അതായത് നമ്മൾ ആ ഒരു സഹകരണ സമയത്ത് അവർ ആരോടൊക്കെയോ കുറച്ച് കാശ് ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നേ. അപ്പോ ആ കാശ് കൊടുക്കാതെ എനിക്ക് എൻഡിഎയുടെ ഭാഗമായിട്ട് വന്നാൽ അവർ പ്രശ്നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത് ലക്ഷം രൂപ ഇപ്പോ വേണമെന്നാണ് അവർ പറയുന്നത്. ഇതിൽ നമുക്ക് ഒരു റോളുമില്ല. അപ്പോ അത് അവർക്ക് കൊടുക്കുകയാണെങ്കിൽ ഈ ഏഴാം തീയതിയിലെ അമിത് ഷായുടെ പരിപാടി തുടങ്ങിയാൽ മുതൽ അവർ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവർക്ക് മത്സരിക്കേണ്ട ഒരു സീറ്റ്, വേറെ നമുക്ക് വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്റ്റ് പറഞ്ഞത് ഇലക്ഷൻ കഴിഞ്ഞിട്ട്. അതൊക്കെ നമ്മൾ പറഞ്ഞ് റെഡിയാക്കി അവേരോട്. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മൾ ഒരു മൂന്ന് മണിക്ക് ശേഷമാണ് അവിടെന്ന് വിട്ടത്. കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയിട്ട്. ക്യാഷിന്റെ കാര്യം സാറിന് എങ്ങനെയാണ് ഡീൽ ചെയ്യാൻ പറ്റുന്നതെന്ന് വെച്ചാൽ ചെയ്തോ. അവർക്ക് ഡയറക്ട് കൊടുക്കാൻ പറ്റുന്നുണ്ടെങ്കിൽ ചെയ്തോ. അല്ലെങ്കിൽ പിന്നെ എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്റ്റാർട്ടിങ്ങിന്റെ, നമ്മുടെ കുറച്ച് പ്രശ്നങ്ങളുമുണ്ട് ഇതിൽ. അപ്പോ നമുക്ക് എന്തെങ്കിലും ഒരിത്…
കെ.സുരേന്ദ്രൻ: ആ പറഞ്ഞോ, അത് പറഞ്ഞോ…സമയം കളയേണ്ട, അത് പറഞ്ഞോ…
പ്രസീത: നമുക്ക് എന്തെങ്കിലും കുറച്ച് പൈസ നമുക്ക് കൂടി തരണം. കാരണം നമ്മുടെ പാർട്ടിയുടെ വർക്കിനാണേ, നമ്മുടെ ഞാൻ പേഴ്സണലി അല്ല പറയുന്നേ…
കെ.സുരേന്ദ്രൻ: ആ മനസിലായി. എല്ലാം മനസിലായി.
പ്രസീത: അത് സാറിന് തോന്നുന്ന ഇതില്…
കെ.സുരേന്ദ്രൻ: ആ. എങ്ങനെ.. എവിടെവെച്ച്…
പ്രസീത: അത് എന്താണെന്ന് സാറ് പറഞ്ഞോ.. നമ്മൾ എവിടെയാണ് വരേണ്ടത്.
കെ.സുരേന്ദ്രൻ: അല്ല, ഏഴാംതീയതി വരുമ്പോൾ നേരിട്ട് കൈയിൽ കൊടുക്കണമെങ്കിൽ അങ്ങനെ കൊടുക്കാം. അല്ലെങ്കിൽ
പ്രസീത: ഹം… അതിന് മുന്നേ കൊടുക്കുകയാണെങ്കിൽ അതാണ് നല്ലതെന്നാണ് അവർ പറയുന്നത്.
കെ.സുരേന്ദ്രൻ: അവർ ആറാംതീയതി വന്നോട്ടെന്ന്… ആറാം തീയതി ഞാൻ നേരിട്ട് കൈയിൽ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി വന്നാൽ മതിയല്ലോ.. അല്ലെങ്കിൽ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ് ഇലക്ഷൻ ടൈമിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.
പ്രസീത: അല്ല, സാർ, ഒരുകാര്യം കൂടി ഞാൻ അതിന്റിടയ്ക്ക് പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കിൽ നമ്മൾ പത്രസമ്മേളനം വിളിക്കാമെന്നാണ് വിചാരിക്കുന്നത്.
കെ.സുരേന്ദ്രൻ: ആറാം തീയതി രാവിലെ വന്നോ, ഞാൻ പൈസ തരാം.
പ്രസീത: ആ.. അതാണ് വിചാരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഏഴാംതീയതി തന്നെ നമുക്ക് അങ്ങോട്ടേക്ക് കയറാല്ലോ, എറണാകുളത്തുവെച്ച് തന്നെ പത്രസമ്മേളനം വിളിക്കാം.
കെ.സുരേന്ദ്രൻ: അല്ല, ആറാം തീയതി തിരുവനന്തപുരത്ത് വന്നിട്ട് ഒരുദിവസം സ്റ്റേ ചെയ്താൽ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത് ഉണ്ടാകും.
പ്രസീത: അതെയോ, എന്നാ അവിടെനിന്ന് തന്നെ നമുക്ക് പ്രസ് ക്ലബ് മീറ്റിങ് വിളിക്കാലോ
കെ. സുരേന്ദ്രൻ: ഓ റൈറ്റ് റൈറ്റ്… രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാൻ പറയാം.
പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി
കെ.സുരേന്ദ്രൻ: ശരി..
Content Highlights:jrp leader praseetha and bjp leader k surendran phone conversation