തൃശൂര് > തെരഞ്ഞെടുപ്പു പ്രചാരണത്തിനെന്ന പേരില് ബിജെപിക്കാര് കടത്തിക്കൊണ്ടുവന്ന കുഴല്പ്പണം കവര്ന്ന കേസില് ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറിനെ അന്വേഷകസംഘം വിളിപ്പിച്ചു. തൃശൂര് പൊലീസ് ക്ലബില് ബുധനാഴ്ച രാവിലെ പത്തിന് ഹാജരാവാനാണ് നിര്ദേശം. അനീഷില്നിന്ന് മൊഴിയെടുക്കും. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധര്മരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലില് ബിജെപി നേതാക്കള് നല്കിയ മൊഴികള് അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും.
ചൊവ്വാഴ്ച ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര് സതീശിനെ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്ന്നാണ് ജില്ലാ പ്രസിഡന്റിനെ അന്വേഷകസംഘം വിളിപ്പിക്കുന്നത്. കവര്ച്ച നടന്ന ദിവസം അര്ധരാത്രി അനീഷ്കുമാര് ഉള്പ്പടെ ബിജെപി നേതാക്കള് തൃശുര് നഗരത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കവര്ച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധര്മരാജും തമ്മില് പല തവണ ഫോണില് സംസാരിച്ചതായി പൊലീസിന് രേഖകള് ലഭിച്ചു.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്മരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ് ഉള്പ്പെടെ മൊഴി നല്കിയത്. അന്വേഷണത്തില് ധര്മരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകള് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ നേതാക്കളുടെ മൊഴികള് അന്വേഷണസംഘം തള്ളുകയായിരുന്നു.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ജില്ലാ ജനറല് സെക്രട്ടറി കെ ആര് ഹരി, മധ്യമേഖലാ സെക്രട്ടറി കാശിനാഥന്, ജില്ലാ ട്രഷറര് സുജയ്സേനന്, ആലപ്പുഴ ജില്ലാ ട്രഷറര് കെ ജി കര്ത്ത, തൃശൂര് ജില്ലാ ഓഫീസ് സെക്രട്ടറി സതീശ് എന്നിവരെ ഇതിനകം പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ഈ വിവരങ്ങള് ഫോണ്രേഖകള് ഉള്പ്പടെയുള്ള ഡിജിറ്റല് തെളിവുകളുമായി അന്വേഷകസംഘം പരിശോധിച്ചു.