കടൽത്തീരം സംരക്ഷിക്കാൻ കിഫ്ബി മുഖേനെ പദ്ധതികൾ ആവിഷ്കരിക്കും. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിൻ്റെ വിഷമം തന്നെയാണ്. 10 ഇടങ്ങളിൽ അതിതീവ്രമായി കടൽത്തീരം ശോഷിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ടെട്രാപ്ഡ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കുണ്ടറ എംഎൽഎ അവതരിപ്പിച്ച പ്രമേയത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഭയിൽ ഉന്നയിക്കപ്പെട്ടത് ഗൗരവമായ പ്രശ്നമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശംഘുമുഖം റോഡ് നിർമ്മാണത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന വിഷ്ണുനാഥിൻ്റെ പരാമർശത്തെ മുഖ്യമന്ത്രി തള്ളി.
ശംഘുമുഖത്തോട് സർക്കാരിന് അവഗണനയില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. അതേസമയം, ചെല്ലാനം മുതൽ ഫോർട്ട് കൊച്ചിവരെയുള്ള തീരപ്രദേശങ്ങളിൽ ആശങ്കയുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അടുത്തിടെയുണ്ടായ യാസ് ചുഴലിക്കാറ്റ് കേരള തീരത്ത് നാശനഷ്ടമുണ്ടാക്കിയെന്നും തീരം സംരക്ഷിക്കാൻ വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ മാറിയാൽ തീര സംരക്ഷണ നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.