തിരുവനന്തപുരം: ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിച്ചു.
അടൂരിൽ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്.
ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31-ന് ചിറ്റയത്ത് ജനിച്ച കെ.ജി ഗോപകുമാർ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1995-ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചിറ്റയം, ആദ്യ അവസരത്തിൽ തന്നെ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി.
സംവരണമണ്ഡലമായ അടൂരിൽ 2011-ലാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2016-ലും വിജയം ആവർത്തിച്ചു. ഇത്തവണ വാശിയേറിയ മത്സരത്തിനൊടുവിൽ 2819 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
content highlights:chittayam gopakumar elected as kerala assembly deputy speaker