മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ സംഗീതം, കായികം, ചിത്രകല തുടങ്ങിയ വിഷയങ്ങളുടെ ക്ലാസുകൾ ചാനലിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ യൂട്യൂബ് ചാനലിലൂടെയും ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘വിദ്യാഭ്യാസം എന്നാൽ കേവലം വിവരം ആർജ്ജിക്കൽ മാത്രമല്ലെന്ന് നമുക്കറിയാം. അത് അന്വേഷണത്തിനുള്ള ചിറകുകൾ നൽകലാണ്. തന്‍റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ച പകർന്നു നൽകലാണ്. സർഗാത്മകതയുടെ ഉറവുകളെ ശക്തിപ്പെടുത്തലാണ്. സമത്വത്തിന്‍റെ സൌന്ദര്യം അവർക്ക് വെളിപ്പെടുത്തി കൊടുക്കലാണ്. ശാസ്ത്രീയതുടെ വെളിച്ചം അവരുടെ മനസിലേക്ക് പകർന്നുകൊടുക്കലാണ്. ഓൺലൈൻ പഠനകാലത്തും ഇതെല്ലാം നമുക്ക് സാധിക്കുക തന്നെ ചെയ്യും’ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിതെന്ന് പറഞ്ഞാണ് പിണറായി പ്രസംഗം ആരംഭിച്ചത്. നാല് വര്‍ഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തില്‍ അലങ്കരിച്ച വേദിയില്‍ ബലൂണുകള്‍ പറത്തിയും കലാപരിപാടികൾ അവതരിച്ചും മധുരം നല്‍കിയുമൊക്കെയാണ് ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഓൺലൈനിലൂടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോൾ തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആൻറണി രാജു, ജി ആർ അനിൽ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.