തിരുവനന്തപുരം> കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീട്ടിൽ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം സൃഷ്ടിക്കാൻ നമുക്കൊരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോട്ട്വെച്ച വിജയകരമായ മാതൃകയാണ് സ്കൂൾകുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകൾ ഓൺലൈൻ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരിൽനിന്ന് നേരിൽ ക്ലാസുകൾ കേൾക്കാനും സംശയം തീർക്കുവാനും കഴിയും . പഠനം കൂടുതൽ ക്രിയാത്മകമാക്കാൻ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടെ എത്തിക്കുവാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആൻറണി രാജു, ജി ആർ അനിൽ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ സംസാരിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് ഓൺലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്തു.
മമ്മൂട്ടി, മോഹൻലാൽ, കവി സച്ചിതാനന്ദൻ, ശ്രീകുമാരൻ തമ്പി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ വിദ്യാർഥികൾക്ക് ആശംസയർപ്പിച്ചു. രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും.
പകൽ 11 മുതൽ യുഎൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. പകൽ രണ്ട് മുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. ഇത്തവണ 45 ലക്ഷത്തോളം കുട്ടികൾ സ്കൂൾ പ്രവേശനോത്സവത്തിൽ വീടുകളിലിരുന്ന് പങ്കാളികളാകും.