കൊച്ചി
കോവിഡ് കേസ് ദിനംപ്രതി അനിയന്ത്രിതമായി ഉയരുന്നത് മറയാക്കി ജനദ്രോഹ പരിഷ്കാരത്തിന് വേഗംകൂട്ടി ലക്ഷദ്വീപ് ഭരണക്കാർ. രോഗം തീവ്രമായ അഞ്ചു ദ്വീപുകളിൽ തിങ്കളാഴ്ചമുതൽ ഏഴുവരെ പൂർണമായും അഞ്ചിടത്ത് ഭാഗികമായും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ജനുവരിവരെ കോവിഡ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ലക്ഷദ്വീപിൽ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 2016 പേർക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മുതൽ ദ്വീപിൽ നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തിനിടയിലും ദ്വീപിൽ ഒഴിപ്പിക്കലടക്കമുള്ള ജനദ്രോഹ പരിഷ്കാരം തുടരുന്നു.കഴിഞ്ഞദിവസം കൊച്ചിയിൽ വാർത്താസമ്മേളനത്തിനെത്തിയ കലക്ടർ അസ്കർ അലി, കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിലാണ്. പരിഷ്കാരങ്ങൾക്കെതിരെ ജനരോഷം ശക്തമായപ്പോൾ ദ്വീപ് വിട്ട അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഞായറാഴ്ച തിരിച്ചെത്തുമെന്ന് സൂചനയുണ്ടായെങ്കിലും എത്തിയില്ല. പട്ടേലിന്റെ യാത്രാപരിപാടി മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ടെങ്കിലും അഡ്മിനിസ്ട്രേഷൻ തലത്തിൽപ്പോലും ഇപ്പോൾ വിവരം ലഭ്യമല്ല. വ്യാഴാഴ്ചയോടെ എത്തുമെന്ന് സൂചനയുണ്ട്.
ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടറാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കവരത്തി, അന്ത്രോത്ത്, കൽപ്പേനി, അമിനി, മിനിക്കോയ് ദ്വീപുകളിലാണ് പൂർണ ലോക്ക്ഡൗൺ. കിൽട്ടൺ, ചെത്ലത്ത്, ബിട്ര, കാട്മത്ത്, അഗത്തി എന്നിവിടങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം.
കവരത്തിയിലാണ് കൂടുതൽ രോഗികൾ–- 1025 പേർ. അഗത്തി–-25, അമിനി–-73, കാട്മത്ത്–-24, കിൽട്ടൻ–-80, ചെത്ലത്ത്–-20, അന്ത്രോത്ത്–- 487, കൽപ്പേനി–-138, മിനിക്കോയ്–-134 എന്നിങ്ങനെയാണ് മറ്റു ദ്വീപുകളിലെ രോഗികളുടെ എണ്ണം. അവശ്യസേവനങ്ങളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.
പ്രതിഷേധം ഉയർന്നപ്പോൾമുതൽ ദ്വീപിൽ നിരോധനാജ്ഞയാണ്. കഴിഞ്ഞദിവസംമുതൽ ലെവൽ രണ്ട് സുരക്ഷ നടപ്പാക്കിയതിനൊപ്പം ഭരണപരിഷ്കാരവും തുടരുകയാണ്. ബങ്കാരം ദ്വീപിലെ തേങ്ങാഷെഡ് പൊളിക്കാൻ കഴിഞ്ഞദിവസം അഗത്തി ഡെപ്യൂട്ടി കലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടികളും തുടരുന്നു. കലക്ടർ അസ്കർ അലിയുടെ കോലം കത്തിച്ചതിന് 23 പേരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയിട്ടുണ്ട്.
ലക്ഷദ്വീപിൽ പുതിയ ചട്ടം : ശുപാർശ നൽകാനുള്ള സമയം നീട്ടില്ല:
ഹൈക്കോടതി
ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ നടപ്പാക്കുംമുമ്പ് ജനങ്ങൾക്ക് തർക്കങ്ങളും ശുപാർശകളും സമർപ്പിക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തർക്കങ്ങൾ സമർപ്പിക്കാൻ 30 ദിവസം നൽകണമെന്ന വ്യവസ്ഥ ഉണ്ടായിട്ടും 21 ദിവസംമാത്രമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഹർജിക്കാരന് രണ്ടാഴ്ചയ്ക്കകം തർക്കങ്ങളും ശുപാർശകളും അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കാമെന്നും അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുനൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. തർക്കങ്ങൾ പരിശോധിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിലവിൽ 593 ശുപാർശയും തർക്കങ്ങളും ലഭിച്ചതായും അവ കേന്ദ്രത്തിന് അയച്ചുനൽകിയതായും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.