ലണ്ടൻ
കോവിഡ് പ്രതിസന്ധിക്കടയിൽ ഒരു യൂറോക്കാലം. ഒരു വർഷം നീട്ടിവച്ച ‘യൂറോ 2020’ക്ക് 11ന് തുടക്കം. യൂറോയുടെ 60 വർഷത്തിന്റെ ചരിത്രത്തിലാദ്യമായി 11 രാജ്യങ്ങളിലാണ് മത്സരങ്ങൾ നടക്കുക. യൂറോപ്യൻ ഫുട്ബോളിന്റെ പുതിയ ചാമ്പ്യൻമാരെ കണ്ടെത്താനുള്ള പോരിന് ലോകകപ്പിനോളംതന്നെ വാശിയും വീറുമുണ്ട്. ലണ്ടൻ, സെവിയ്യ, ഗ്ലാസ്ഗോ, കോപൻഹാഗെൻ, ബുഡാപെസ്റ്റ്, ആംസ്റ്റർഡാം, റോം, മ്യൂണിക്ക്, ബാക്കു, സെന്റ് പീറ്റേഴ്സ്ബർഗ്, ബുക്കാറെസ്റ്റ് എന്നിവയാണ് വേദികൾ.
ആകെ 24 ടീമുകൾ. ആറ് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിലേക്ക് മുന്നേറും. ഒപ്പം മികച്ച നാല് മൂന്നാം സ്ഥാനക്കാരും.ഇന്ത്യൻ സമയം രാത്രി 6.30, 9.30, 12.30 സമയങ്ങളിലാണ് മത്സരങ്ങൾ. ജൂലൈ 11 രാത്രി 12.30ന് ലണ്ടനിലാണ് ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, ലോക റാങ്കിങ് പട്ടികയിൽ ഒന്നാം റാങ്കുകാരായ ബൽജിയം, സ്പെയ്ൻ, ജർമനി, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ഇറ്റലി തുടങ്ങിയ വമ്പൻമാരാണ് കിരീട സാധ്യതയിൽ മുന്നിൽ.
കിരീടം നിലനിർത്താൻ ഒരുങ്ങുന്ന പോർച്ചുഗലിന് കരുത്തുറ്റ നിരയുണ്ട്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിന്നുംതാരം ബ്രൂണോ ഫെർണാണ്ടാസ്, മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവ, പ്രതിരോധത്തിലെ മിടുക്കൻ റൂബെൻ ഡയസ് തുടങ്ങിയ മികച്ച നിരയാണ് പോർച്ചുഗലിന്.മരണഗ്രൂപ്പിലാണ് പോർച്ചുഗൽ ഇക്കുറി. ഫ്രാൻസ്, ജർമനി, ഹംഗറി ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എഫിൽ.
ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് എല്ലാം സൂപ്പർ താരങ്ങളാണ്. കരിം ബെൻസെമയെ തിരിച്ചുവിളിച്ചു. യുവതാരം കിലിയൻ എംബാപ്പെ, ഒൺടോയ്ൻ ഗ്രീസ്മാൻ, ഉസ്മാൻ ഡെംബെലെ, എൻഗോളോ കാന്റെ, പോൾ പോഗ്ബ, റാഫേൽ വരാനെ, ബഞ്ചമിൻ പവാർദ് തുടങ്ങി ആരും ഭയക്കുന്ന നിരയാണ് ദിദിയർ ദെഷാംപ്സിന്റെ സംഘത്തിൽ.
ജോക്വിം ലോയുടെ ജർമൻനിരയിൽ തോമസ് മുള്ളറും മാറ്റ് ഹമ്മെൽസും തിരികെയെത്തി. ടിമോ വെർണെർ, കയ് ഹവേർട്ട്സ്, ടോണി ക്രൂസ്, ഇകായ് ഗുൺഡോവൻ, സെർജി നാബ്രി, ജോഷ്വ കിമ്മിക്, മാനുവൽ നോയെ തുടങ്ങിയവരാണ് ജർമനിയുടെ കരുത്ത്.
റയൽ മാഡ്രിഡിന്റെ ഒരാളെപ്പോലും പരിഗണിക്കാതെയാണ് ലൂയിസ് എൻറിക്വെ ഇക്കുറി സ്പാനിഷ് ടീമിനെ ഇറക്കുന്നത്. ഗ്രൂപ്പ് ഇയിൽ സ്വീഡൻ, പോളണ്ട്, സ്ലൊവാക്യ ടീമുകളും സ്പെയ്നിനൊപ്പമുണ്ട്. സെർജിയോ റാമോസ്, നാച്ചോ എന്നിവരെ എൻറിക്വെ പരിഗണിച്ചില്ല. ജെറാർഡ് മൊറേനോ, ഫെറാൻ ടോറെസ്, തിയാഗോ, പെഡ്രി, ജോർഡി ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ് എന്നിവരാണ് പ്രധാനികൾ.
ഇംഗ്ലണ്ടിന് മികച്ച നിരയാണ്. ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്കോട്ട്ലൻഡ് ടീമുകളുമുണ്ട്. ഗാരി സൗത്ഗേറ്റ് 33 അംഗ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. അന്തിമ ടീമിനെ തെരഞ്ഞെടുക്കൽ പ്രയാസകരമാണ്. ക്യാപ്റ്റൻ ഹാരി കെയ്ൻ, യുവതാരം ഫിൽ ഫോദെൻ, ജാക് ഗ്രീലിഷ്, മാസൺ ഗ്രീൻവുഡ്, മാസൺ മൗണ്ട്, ബെൻ ചിൽവെൽ, റീസ് ജയിംസ്, ഹാരി മഗ്വയർ, കൈൽ വാൾക്കർ തുടങ്ങി വൻ നിരയാണ് ഇംഗ്ലണ്ടിന്.ഇറ്റലി, ഡച്ച്, ബൽജിയം ടീമുകളും വമ്പൻ നിരയുമായാണ് ഇറങ്ങുന്നത്.