വികസിത രാജ്യമായ ഹോങ്കോങിലും ഇതാണ് പ്രശ്നം. രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാണ് എങ്കിലും ആൾക്കാർ വാക്‌സിൻ സ്വീകരിക്കാൻ എത്താതാണ് തലവേദന സൃഷ്ടിക്കുന്നത്. സർക്കാരിനോടുള്ള വിശ്വാസമില്ലായ്മയും ഒപ്പം രാജ്യത്ത് കാര്യമായ വൈറസ് ബാധിതർ ഇല്ല എന്നതുമാണ് പലരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
പലവിധ സാധനങ്ങളും, സേവനങ്ങളും സൗജനമായി പ്രഖ്യാപിച്ചാണ് ഹോങ്കോങ്ങിൽ പലരെയും വാക്‌സിൻ സ്വീകരിക്കാൻ അധികൃതർ നിർബന്ധിക്കുന്നത്. സൗജന്യമായി ബീയർ, സൂപ്പർ കാർ റൈഡ് എന്നിവയാണ് ചില ഓഫറുകൾ. അതെ സമയം വാക്‌സിൻ എടുത്താൽ ഭാഗ്യവാന് 1.4 മില്യൺ ഡോളറിന്റെ (ഏകദേശം 10 കോടി രൂപ ) ഫ്ലാറ്റ് സമ്മാനമായി ലഭിച്ചാലോ?
ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ങ്ടെങ് ഫൊങ് ചാരിറ്റബിൾ ഫൗണ്ടേഷനും, ചൈനീസ് എസ്റ്റേറ്റ്സ് ഹോൾഡിങ്‌സ് ലിമിറ്റഡും ചേർന്നാണ് വാക്‌സിൻ എടുത്ത ഒരു വ്യക്തിക്ക് പുതിയ 449 ചതുരശ്ര അടി ഫ്ലാറ്റ് സമ്മാനായി നൽകുക. ക്വുൻ ടോങ് ഏരിയയിലെ ഗ്രാൻഡ് സെൻട്രൽ പ്രോജെക്ടിൽ നിന്നും വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ അവസരം. രണ്ട് വാക്‌സിനും സ്വീകരിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിക്കുക.
ലോകത്തെ ഫ്ളാറ്റുകൾക്ക് ഏറ്റവും വിലയുള്ള നഗരങ്ങളിൽ ഒന്നാണ് ഹോങ്കോങ്. തങ്ങളുടെ ഈ ഓഫർ നിരവധി പേരെ വാക്‌സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കും എന്നാണ് സൈനോ ഗ്രൂപ്പ് വിശ്വസിക്കുന്നത്.
ഫ്രീ ബിയർ ഓഫർ
ഇന്ത്യൻ ഗ്രിൽ റൂം എന്ന് പേരുള്ള ഗുർഗാവിലെ ഒരു പബ്ബ് അടുത്തിടെ സൗജന്യ ബിയർ പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 വൈറസ്സിനെതിരായ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ ഒരു ഗ്ലാസ് ബിയർ തികച്ചും സൗജന്യം എന്നായിരുന്നു ഓഫർ. ഏപ്രിൽ മാസത്തേക്കായിരുന്നു ഓഫർ. ഗുജറാത്തിലെ രാജ്കോട്ടിൽ വാക്‌സിൻ സ്വീകരിക്കുന്ന സ്ത്രീകൾക്ക് സ്വർണ മൂക്കുത്തിയും പുരുഷന്മാർക്ക് ഹാൻഡ് ബ്ലൻഡറും അടുത്തിടെ ഒരു തട്ടാൻ പ്രഖ്യാപിച്ചിരിക്കുന്നു.