കൊച്ചി> സേവ് ലക്ഷദ്വീപ് ഓണ്ലൈന് മീറ്റില് കടന്നു കയറി വനിതാ അഭിഭാഷകര്ക്കു നേരെ സൈബര് ആക്രമണം നടത്തിയതിന് എതിരെ സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി. ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് എറണാകുളം ജില്ലാക്കമ്മറ്റി 30.05.2021ന് സൂം പ്ലാറ്റ്ഫോമില് നടത്തിയ പ്രതിഷേധ പരിപാടിയില് നാലു പേര് കടന്നു കയറി പങ്കെടുത്ത വനിതാ അഭിഭാഷകരോട് അശ്ലീല പരാമര്ശങ്ങള് നടത്തി.
സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും സീനിയര് അഭിഭാഷകരടക്കം പങ്കെടുത്ത മീറ്റായിരുന്നു.പൊതുഇടങ്ങളില് സ്ത്രീകളെ ഭയപ്പെടുത്തുക, പൊതുമധ്യത്തില് അപമാനവും മാനഹാനിയും ഉണ്ടാക്കുക തുടങ്ങിയ ഗൂഢോദ്ദേശങ്ങളോടെ ഭീഷണി മുഴക്കിയ പ്രതികള്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ നാസര് നല്കിയ പരാതിയില് പറയുന്നു. പ്രതികളുടെ വിവരങ്ങളും പൊലീസിന് കൈമാറി.
പരിപാടിയില് സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറി അഡ്വ. പി.വി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിന് ഇടയിലായിരുന്നു ചാറ്റ് ബോക്സിലൂടെ സൈബര് ആക്രമണം നടന്നത്. അഡ്വ. ടി.പി രമേഷ് അധ്യക്ഷത വഹിച്ച യോഗത്തില് സംസ്ഥാന സെക്രട്ടറി സി.പി പ്രമോദ്, നാഷണല് എക്സിക്യൂട്ടീവ് കൗണ്സില് അംഗം അഡ്വ. എന്.സി മോഹനന്, ഹൈക്കോടതി സീനിയര് അഭിഭാഷകന് എം. ആര് രാജേന്ദ്രന് നായര്, അഡ്വ. കെ.കെ നാസര്, ലക്ഷദ്വീപില് നിന്നുള്ള അഭിഭാഷകരായ ജലാലുദ്ദീന്, ഫാത്തിമ, അഡ്വ. ജോര്ജ്ജ് ജോസഫ്, തുടങ്ങിയവര് പ്രസംഗിച്ചു.