കൊച്ചി> അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ സിഐഐ സ്ഥാപിച്ച 500 കിടയ്ക്കയുള്ള കോവിഡ് സെക്കന്ഡ് ലൈന് ചികിത്സാകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങില് ബെന്നി ബഹന്നാന് എംപി, ജില്ലാ കളക്ടര് എസ് സുഹാസ് ഐഎഎസ്, സിഐഐ കേരളാ ചെയര്മാനും ബ്രാഹ്മിന്സ് ഫുഡ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സിഐഐ കേരളാ വൈസ് ചെയര്മാനും കാന്കോര് ഇന്ഗ്രെഡിയന്റ്സ് സിഇഒയുമായ ജീമോന് കോര, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളില് നിന്നുള്ള ഉദ്യോഗസ്ഥര്, സ്പോണ്സര് കമ്പനികളുടെ പ്രതിനിധികള്, സിഐഐ അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
500 കിടയ്ക്കയുള്ള ഈ കോവിഡ് സെക്കന്ഡ് ലൈന് ചികിത്സാകേന്ദ്രത്തില് പുരുഷന്മാര്ക്കും സ്ത്രീകള്ക്കും പ്രത്യേകം വാര്ഡുകളുണ്ട്. കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്സിജന് കോണ്സന്ട്രേറ്ററുകള്, ഡിഫിബ്രിലേറ്ററുകള്, എക്സ്-റേ ജിഇ, മള്ട്ടിപാര മോണിട്ടര് തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുണ്ട്.
പദ്ധതിയ്ക്കാവശ്യമായ മെഡിക്കല് ഉപകരണങ്ങള് വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള് സ്ഥാപിക്കാനും സിഐഐ 2.2 കോടി രൂപ ചെലവിട്ടു. ഇന്ഫോസിസ് ഫൗണ്ടേഷന്, യുഎസ് ടെക്നോളജി ഇന്റര്നാഷനല്, ഐബിഎസ് സോഫ്റ്റ് വെയര്, മുത്തൂറ്റ് ഫിന്കോര്പ്പ്, ഈസ്റ്റേണ് കോണ്ടിമെന്റ്സ്, ഫെഡറല് ബാങ്ക്, സിന്തൈറ്റ് ഇന്ഡസ്ട്രീസ്, കാന്കോര് ഇന്ഗ്രെഡിയന്റ്സ്, സണ്ടെക് ബിസിനസ് സൊലൂഷന്സ്, ഇസാഫ് സ്മോള് ഫിനാന്സ് ബാങ്ക് എന്നീ പത്തു സ്ഥാപനങ്ങളാണ് പദ്ധതിയ്ക്ക് സാമ്പത്തിക പിന്തുണ നല്കിയത്.
ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവര്ക്ക് മികച്ച ചികിത്സ നല്കാന് പുതുതായി തുറന്ന ഈ കോവിഡ് സെക്കന്ഡ്ലൈന് ചികിത്സാകേന്ദ്രം ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഉയര്ത്തിയിട്ടുള്ള വെല്ലുവിളി എല്ലാവര്ക്കും ബാധകമാണ്. എന്നാല് ഇത് ചെറുക്കാന് സര്ക്കാര് ബഹുമുഖമായ നടപടികളാണ് എടുക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില് സര്ക്കാരിനെ പിന്തുണയ്ക്കുന്ന ഈ കേന്ദ്രം സ്ഥാപിച്ച സിഐഐയുടെ സമയോചിതമായ നടപടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കോവിഡിനെ ചെറുക്കുന്നതിനായി ജില്ലാ ഭരണകൂടം എടുത്തു വരുന്ന നടപടികള് ജില്ലാ കളക്ടര് എസ് സുഹാസ് ഐഎഎസ് വിശദീകരിച്ചു. ഇത്തരമൊരു കോവിഡ് സെക്കന്ഡ്ലൈന് ചികിത്സാകേന്ദ്രം സ്ഥാപിക്കാന് മുന്നോട്ടുവന്ന സിഐഐയ്ക്കും സിഐഐ അംഗങ്ങള്ക്കും കളക്ടര് നന്ദി അറിയിച്ചു. ചടങ്ങില് സിഐഐ കേരളാ ചെയര്മാനും ബ്രാഹ്മിന്സ് ഫുഡ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സിഐഐ കേരളാ വൈസ് ചെയര്മാനും കാന്കോര് ഇന്ഗ്രെഡിയന്റ്സ് സിഇഒയുമായ ജീമോന് കോര എന്നിവരും പ്രസംഗിച്ചു.
ഈ പദ്ധതിയ്ക്കു പുറമെ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി രണ്ട് പദ്ധതികള് കൂടി സിഐഐ നടപ്പാക്കിയിട്ടുണ്ട്. 9 ജില്ലകളിലെ 22 സര്ക്കാര് ആശുപത്രികളില് കേന്ദ്രീകൃത ഓക്സിജന് സപ്ലെ സിസ്റ്റങ്ങള് സ്ഥാപിച്ചതാണ് ഇവയിലൊന്ന്. സിഐഐ അംഗങ്ങളായ 15 സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 1150 ഓക്സിജന് ബെഡ്ഡുകളാണ് പുതുതായി സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളേജിലെ രണ്ടു വാര്ഡുകള് പൂര്ണ സംവിധാനങ്ങളുള്ള 200 ബെഡ്ഡുകളുടെ മെഡിക്കല് ഐസിയു വാര്ഡുകളാക്കിയതാണ് മറ്റൊരു പദ്ധതി.
നിലവിലുള്ള സൗകര്യങ്ങള്ക്കുമേലുള്ള സമ്മര്ദം കുറയ്ക്കാനും കൂടുതല് കോവിഡ് രോഗികളെ ചികിത്സിയ്ക്കാനും ഇത് സഹായിക്കും. അംഗങ്ങളായ സ്ഥാപനങ്ങളുടെ പിന്തുണയോടെ 2.8 കോടി രൂപ ചെലവിട്ടാണ് സിഐഐ ഈ പദ്ധതി നടപ്പാക്കിയത്.