ബേപ്പൂര് (കോഴിക്കോട്) > ലക്ഷദ്വീപ് ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണങ്ങള്ക്കെതിരെ ബേപ്പൂരില് സിപിഐ – എം നേതൃത്വത്തില് പ്രതിഷേധം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള പൊതുമരാമത്ത് അസി.എഞ്ചിനീയര് കാര്യാലയത്തിന് മുന്നിലായിരുന്നു പ്രതിഷേധം.
ദ്വീപ് നിവാസികളുടെ പൗരാവകാശങ്ങള്ക്കും, സംസ്കാരത്തിനുമെതിരായ കേന്ദ്ര സര്ക്കാറിന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക, ഭരണഘടനാ തത്വങ്ങള് ലംഘിച്ച് ദ്വീപില് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നീക്കത്തില് നിന്നും ഭരണാധികാരികള് പിന്തിരിയുക, കാടന് നിയമങ്ങള് നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റര് പ്രഫുല് പട്ടേലിനെ കേന്ദ്രംതിരിച്ചു വിളിക്കുക, ദ്വീപിന് ബേപ്പൂരുമായുള്ള ബന്ധം വിഛേദിക്കാനുള്ള ശ്രം ഉപേക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
പ്രതിഷേധ സമരം സിപിഐ – എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഏരിയ സെക്രട്ടറി എം ഗിരീഷ് അധ്യക്ഷനായി. വി കെ സി മമ്മത് കോയ, യു സുധര്മ്മ, കെ വി ശിവദാസന്, കെ രാജീവ് എന്നിവര് സംസാരിച്ചു.