തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് കേൾക്കുന്നു. എഐസിസി നേതൃത്വത്തിൽ നിന്നും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. അണികൾ വിളിച്ചതിന്റെയും സോഷ്യൽ മീഡിയയിലെ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് സ്ഥാനത്തേക്ക് തന്നെ ഹൈക്കമാന്റ് പരിഗണിക്കുന്നുവെന്ന വിവരം മനസിലാക്കിയത്. അതിൽ തീരുമാനം ആയിട്ടില്ലെന്നും ഒന്നാം തിയ്യതി അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
മുല്ലപ്പള്ളിയുടെ രക്തത്തിനു വേണ്ടി താൻ ദാഹിച്ചിട്ടില്ല. അതിനുവേണ്ടി തന്റെ ഭാഗത്തു നിന്നും ഒരു വാക്കുപോലും ഉണ്ടായിട്ടില്ല. തന്റെ രക്തത്തിനു വേണ്ടി ചിലർ ദാഹിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സുധാകരൻ. തനിക്ക് ഒരു നേതാക്കളോടും അയിത്തമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒരു പ്രശ്നത്തിനും ഒത്തുതീർപ്പ് ഉണ്ടാക്കാറില്ലെന്നും സുധാകരൻ പറഞ്ഞു.
തന്റെ വരവിലെ എതിർക്കുന്നത് എന്തിനാണെന്ന് അറിയില്ല. തടസം നിൽക്കുന്നത് നേതാക്കളാണെങ്കിൽ അവരോട് കോൺഗ്രസ് പ്രവർത്തകർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുധാകരൻ കൂടാതെ കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരുടെ പേരുകളും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. 70 വയസ് കഴിഞ്ഞവരെ പരിഗണിക്കരുതെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.