തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം അവതരിപ്പിച്ച് കേരള നിയമസഭ. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികൾ അംഗീകരിച്ച് സഭ പ്രമേയം പാസാക്കി. പി.ടി. തോമസ്, എൻ. ഷംസുദ്ദീൻ, അനൂപ് ജേക്കബ് എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് ഭേദഗതികൾ നിർദേശിച്ചത്. ഇതിൽ ചില ഭേദഗതികൾ അംഗീകരിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ നീക്കണം എന്നു മാത്രമല്ല ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ ഉത്തരവുകളും റദ്ദ് ചെയ്യണമെന്ന് പ്രമേയം ആവശ്യപ്പെടണമെന്നായിരുന്നു എൻ. ഷംസുദ്ദീൻ ഉന്നയിച്ച പ്രധാന ഭേദഗതി. ഷംസുദ്ദീന്റെ ഭേദഗതി നിർദേശത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി അത് അംഗീകരിച്ചത്. അതായത്- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ ഉത്തരവുകളും റദ്ദാക്കണമെന്ന് പറയാനാകില്ല. പകരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദമായ മുഴുവൻ ഉത്തരവുകളും റദ്ദ് ചെയ്യണമെന്ന് പ്രമേയത്തിൽ ഉൾപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച നിയമസഭ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പ്രമേയമായിരുന്നില്ല മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. അതേസമയം മാറ്റം വരുത്തി പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. കേന്ദ്രസർക്കാരിനും സംഘപരിവാറിനെതിരെയും കടുത്തവിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതായിരുന്നു ഇന്നത്തെ പ്രമേയം. പ്രമേയത്തിന്റെ തുടക്കത്തിൽത്തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
നേരത്തെ പ്രസിദ്ധീകരിച്ച പ്രമേയം വായിച്ച പ്രതിപക്ഷം, കേന്ദ്രസർക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉന്നയിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കാനിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉൾപ്പെടുത്തിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചതോടെ അതിനെ പൂർണമായി അനുകൂലിക്കുന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിച്ചത്.
content highlights:kerala assembly passes resolution in lakshadweep issue