പോർട്ടോ
സാധ്യതകളിൽ മുന്നിൽ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. പെപ് ഗ്വാർഡിയോളയെന്ന ലോകോത്തര പരിശീലകൻ. സമീപകാല ക്ലബ് ഫുട്ബോളിലെ ഏറ്റവും കിടയറ്റ സംഘം. മനോഹരമായ ആക്രമണക്കളി. പക്ഷേ, പോർട്ടോയിൽ കളി മാറി. സിറ്റിയുടെ മർമം മനസിലാക്കിയ തോമസ് ടുഷെലായിരുന്നു ചെൽസിയുടെ അമരത്ത്. കളത്തിൽ ടുഷെൽ വരച്ച ഓരോ കള്ളിയിലും ആശയങ്ങൾ നിറഞ്ഞപ്പോൾ ഗ്വാർഡിയോളയ്ക്ക് പരിശീലക ജീവിതത്തിലെ ഏറ്റവും പിഴവുകൾപറ്റിയ ദിനമായി ചാന്പ്യൻസ്ലീഗ് ഫൈനൽ മാറി.
കഴിഞ്ഞ ജനുവരിൽ ഫ്രാങ്ക് ലംപാർഡിന് പകരമായാണ് ജർമൻകാരനായ ടുഷെൽ ചെൽസിയുടെ പരിശീലക കുപ്പായത്തിൽ എത്തിയത്. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ഫൈനൽവരെ എത്തിച്ച പരിശീലകന് പക്ഷേ, അർഹിച്ച അംഗീകാരം കിട്ടിയില്ല. അങ്ങിനെയാണ് ഈ നാൽപ്പത്തേഴുകാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്.
രണ്ട് കാര്യങ്ങളാണ് ടുഷെൽ ആദ്യം ചെയ്തത്. അന്റോണിയോ റൂഡിഗറെ പ്രതിരോധ ഹൃദയത്തിൽ തിരികെ കൊണ്ടുവന്നു. മധ്യനിരയിൽ എൻഗോളോ കാന്റെയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി. കയ് ഹവേർട്ട്സിനും ടിമോ വെർണർക്കും ആവോളം പിന്തുണ നൽകി. കൃത്യമായി പ്രതിരോധത്തിനൊപ്പം വേഗത്തിലുള്ള പ്രത്യാക്രമണവും ചെൽസിയിൽ നടപ്പിലാക്കി.
സീസണിൽ സിറ്റിയെ രണ്ട് തവണയാണ് ചെൽസി ഇതിന് മുന്പ് തോൽപ്പിച്ചത്. ഒന്ന് സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ. പിന്നെ എഫ് എ കപ്പ് സെമിയിലും. കാന്റെ, റൂഡിഗർ, ജയിംസ്, ഹവേർട്ട്സ്, മൗണ്ട്… തുടങ്ങി കളിയിൽ ചെൽസിക്ക് എല്ലായിടത്തും ഹീറോകളുണ്ടായി.
മറുവശത്ത് സിറ്റിയുടെ പതനത്തിന് ഗ്വാർഡിയോളയ്ക്ക് വിശദീകരണം നൽകേണ്ടിവരും. ഹോൾഡിങ് മിഡ്ഫീൽഡർമാരായ റോഡ്രിയെയും ഫെർണാണ്ടിന്യോയെയും ഒരേസമയം പുറത്തിരുത്തിയതിന് ഉത്തരം നൽകേണ്ടിവരും. സീസണിൽ 61 കളികളിൽ 60ലും ഇറങ്ങിയവരാണ് ഇരുവരും. ഫോദെൻ ഒഴികെ മധ്യനിരയിലെ ആർക്കും ഒരു ചലനവമുണ്ടാക്കാനായില്ല. കെവിൻ ഡി ബ്രയ്ൻ, ഇകായ് ഗുൺഡോവൻ, ബെർണാഡോ സിൽവ, റിയാദ് മഹ്റെസ് എന്നിവരെല്ലാം തളർന്നപോലെയായിരുന്നു. പ്രതിരോധവും കണ്ണിചേരാതെ തെറിച്ചു. സിറ്റിക്ക് ആദ്യ ചാന്പ്യൻസ് ലീഗ് നേടിക്കൊടുക്കാനുള്ള അവസരമാണ് ഗ്വാർഡിയോളയ്ക്ക് നഷ്ടമായത്.