2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഒരു അഭിമുഖത്തിനിടെ പിണറായി വിജയനെ എക്കാലവും എതിർക്കും എന്നു പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവോ എന്ന് ചോദ്യത്തിനാണ് രമയുടെ മറുപടി. ‘പിണറായി വിജയൻ ഇപ്പോൾ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. ആ നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കേണ്ട ഇടത്ത് ബഹുമാനിക്കും. എന്നാൽ എന്ന സിപിഎം നേതാവിനെ എതിർക്കാൻ എന്‍റെ അടുത്ത് തീർച്ചയായും ഒരു പാട് കാരണങ്ങളുണ്ട്’ എന്നാണ് രമ പറഞ്ഞത്.
താനിപ്പോൾ ആർഎംപിയുടെ പ്രവർത്തക മാത്രമല്ലെന്നും വടകരയിൽ നിന്നുള്ള എംഎൽഎയാണെന്ന് പറയുന്ന രമ, മുഖ്യമന്ത്രിയും ജനപ്രതിനിധിയും ആകുമ്പോൾ തന്‍റെ ഭാഗത്തു നിന്നു സ്വീകരിക്കേണ്ട രീതിയും ഉണ്ടെന്ന് വ്യക്തമാക്കുന്നു. ഇപ്പോൾ ആർഎംപിയുടെ പ്രവർത്തക മാത്രമല്ല, വടകരയിൽ നിന്നുള്ള നിയമസഭാംഗമാണ്. ആ നിലയിൽ മണ്ഡലത്തോടും ജനങ്ങളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനു ചേരാത്ത പെരുമാറ്റം തെറ്റായിപ്പോകുമെന്നും അവർ വ്യക്തമാക്കി. അതുകൊണ്ടു ജനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയോട് ഇടപെടാൻ ശ്രമിക്കുകയും പറയേണ്ട കാര്യങ്ങൾ അദ്ദേഹത്തോടു പറയാൻ ശ്രമിക്കുകയും ചെയ്യും രമ വ്യക്തമാക്കി.
മുഖ്യമന്ത്രിയും എംഎൽഎയും എന്ന നിലയിൽ പ്രായോഗിക ബന്ധം ഉണ്ടാക്കാൻ ശ്രമിക്കും അല്ലേ എന്ന ചോദ്യത്തിന് ബോധപൂർവം ഉണ്ടാക്കും എന്നല്ല അതു വേണ്ടി വരുന്ന സാഹചര്യത്തിൽ ചെയ്യുമെന്നും രമ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി നിൽക്കേണ്ടി വരുമ്പോൾ മറ്റു പരിഗണനകൾ ഉണ്ടാകില്ല. അതു ശരിയും അല്ലെന്നും അവർ പറഞ്ഞു.