കൊച്ചി: ലക്ഷദ്വീപ് ജനതയെ ബാധിക്കുന്ന ഭേദഗതികൾ കരടിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വീപിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാക്കൾ ഡൽഹിയിൽ.ബി.ജെ.പി. വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള എ.പി. അബ്ദുള്ളക്കുട്ടി, ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ, ബി.ജെ.പി. ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് മുത്തുക്കോയ എന്നിവർ ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി നാളെ കൂടിക്കാഴ്ച നടത്തും.
വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിക്കുള്ളിൽ പലിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പ്രത്യക്ഷമായ എതിർപ്പ് ചിലർ ഉന്നയിച്ചിരുന്നു. പുതുതായി മുന്നോട്ടുവെച്ച കരടിൽ ദ്വീപ് നിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളുണ്ട്. അക്കാര്യങ്ങൾ കരടിൽനിന്ന് മാറ്റണം എന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുക. അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട കാര്യവും ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് വിവരം.
അതേസമയം ലക്ഷദ്വീപിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നു മുതൽ നിലവിൽ വന്നു. എഡിഎമ്മിന്റെ അനുമതിയോടെ മാത്രമേ ഇനി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദർശക പാസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിലവിൽ വന്നുകഴിഞ്ഞു. 24 പേർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
content highlights:bjp leaders at delhi to demand exclusion of clauses affecting people of lakshasweep