വാടാനപ്പള്ളി (തൃശൂര്)> കുഴല്പണക്കേസില് സമൂഹമാധ്യമങ്ങളിലെ വാക്ക്പോരിനെ തുടര്ന്ന് ബിജെപിയില് തമ്മിലടി. ഒരാള്ക്ക് കുത്തേറ്റു. കുഴല്പണക്കേസില് ജില്ലയിലെ ഉന്നതനേതാക്കളുടെ പങ്കിനെ സമൂഹമാധ്യമങ്ങളില് വിമര്ശിച്ചതിന്റെ പേരില് ബിജെപി പ്രവര്ത്തകന് ഹിരണി (27)നാണ് കുത്തേറ്റത്.
ഞായറാഴ്ച പകല് ഒന്നിന് തൃത്തല്ലൂര് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില് കോവിഡ് വാക്സിന് കേന്ദ്രത്തിലാണ് ആക്രമണം. വയറിന് അടിഭാഗത്ത് കുത്തേറ്റ ഹിരണിനെ തൃശൂര് ദയആശുപത്രിയില് സര്ജിക്കല് ഐസിയുവില് പ്രവേശിപ്പിച്ചു.
കൊടകര കുഴല്പണക്കേസില് ബിജെപി ജില്ലാട്രഷററും വാടാനപ്പള്ളി സ്വദേശിയുമായ സുജയ്സേനന് ഉള്പ്പടെ നേതാക്കളെ അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു.
കേസില് ജില്ലാ ട്രഷറര്ക്കും ചില പഞ്ചായത്ത് മെമ്പര്മാര്ക്കും പങ്കുള്ളതായി ബിജെപി വാടാനപ്പള്ളി ബീച്ച് വ്യാസ നഗറിലുള്ള എതിര്വിഭാഗം സാമൂഹ്യമാധ്യമങ്ങളില് വാര്ത്തകള് പോസ്റ്റ് ചെയ്തു. തുടര്ന്നു ഇരു വിഭാഗവും വാക്ക് പോര് തുടരുകയാണ്.
ഇതിനിടെ ഞായറാഴ്ച വ്യാസനഗര് ഗ്രൂപ്പില്പ്പെട്ട ബിജെപി പ്രവര്ത്തകന് ഹരിപ്രസാദ് വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില് കോവിഡ് വാക്സിന് എടുക്കാന് എത്തിയപ്പോള് എതിര്ചേരിക്കാര് ആക്രമിക്കുകയായിരുന്നു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവര് വാക്കുതര്ക്കമുണ്ടാക്കുകയും തുടര്ന്ന് ആക്രമിക്കുകയുമായിരുന്നു. ഇതിനിടിയിലാണ് ഹരിപ്രസാദിനൊപ്പമുണ്ടായിരുന്ന വാടാനപ്പിള്ളി വ്യാസനഗര്ഗ്രൂപ്പുകാരായ കണ്ടന് ചക്കി വീട്ടില് ഹിരണിന് കുത്തേറ്റത്.
ഹിരണിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില് ആദ്യം എത്തിച്ചുവെങ്കിലും അക്രമിസംഘം പിന്തുടര്ന്നു. തുടര്ന്നാണ് ദയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ് വാടാനപ്പിള്ളി പൊലീസ് ഉടന് സ്ഥലത്തെത്തി. കൊടുങ്ങല്ലൂര് ഡിവൈഎസ്പി യു പ്രേമന്റെ നേതൃത്വത്തിലുള്ള വന് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്ജിതമാക്കി.
കുഴല്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിലെ തമ്മിലടി ഇതോടെ മറനീക്കുകയാണ്. കള്ളപ്പണക്കേസില് സംസ്ഥാന നേതാവാണ് പൊലീസില് പരാതി നല്കി പ്രശ്നം വഷളാക്കിയതെന്ന് ആരോപിച്ചാണ് എതിര്വിഭാഗത്തിന്റെ ആക്രമണം. അതേസമയം കുഴല്പണസംഘത്തിന് താമസമൊരുക്കിയ ജില്ലാ നേതൃത്വത്തിനെതിരെ എതിര്വിഭാഗവും കടുത്ത ആക്രമണം തുടരുകയാണ്.