കോഴിക്കോട്: ഒന്നാംക്ലാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് പ്രവേശനോത്സവത്തിനുമുമ്പ് മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവൻകുട്ടി. സന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവിറക്കും. സന്ദേശം നേരിട്ട് വീടുകളിലെത്തിക്കേണ്ട. വാട്സാപ്പിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ സന്ദേശം വിദ്യാർഥികളിൽ എത്തിയാൽ മതി. അധ്യാപക സംഘടനകൾ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
കോവിഡ് ലോക്ഡൗൺ തുടരുന്നതിനിടയിൽ വീടുകളിൽ സന്ദേശമെത്തിക്കുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രതിപക്ഷ അധ്യാപകസംഘടനകൾ ഇതിനെതിരേ രംഗത്തുവന്നിരുന്നു
മുഖ്യമന്ത്രിയുടെ സന്ദേശം അച്ചടിച്ച് കെ.പി.ബി.എസിന്റെ നേതൃത്വത്തിൽ ഡി. ഡി.ഇ. ഓഫീസുകളിലെത്തിക്കും. അവ എ.ഇ.ഒ.മാർ, ബി.ആർ.സി.കളുടെ സഹകരണത്തോടെ എല്ലാ സ്കൂളുകളിലുമെത്തിക്കണം. പ്രഥമാധ്യാപകർ, പി.ടി.എ., എസ്.എം.സി., അധ്യാപകർ, സന്നദ്ധപ്രവർത്തകർ എന്നിവർ മുഖേനെ ജൂൺ ഒന്നിനുള്ളിൽ കുട്ടികൾക്കെത്തിക്കാൻ ശ്രമിക്കണം ഇതായിരുന്നു നേരത്തെ ഇറക്കിയ നിർദേശം.
വീട്ടുകാരോടൊപ്പം സന്തോഷമായി കഴിയാൻ കുട്ടികളെ ഉപദേശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സന്ദേശം.