കൊച്ചി > ലൈഫ് മിഷന്റെ പേരിലുയര്ന്ന കുപ്രചരണങ്ങള് തന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയെന്ന് സിഇഒ യു വി ജോസ്. ഒരു വര്ഷം കൊണ്ട് സര്ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില് ഒന്നായി പ്രതീക്ഷകള്ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്ത്താന് സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില് ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാല് പിന്നീടുണ്ടായത് അപ്രതീക്ഷിതവും ദൗര്ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നുവെന്ന് യു വി ജോസ് ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.
റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എംഒയു ഒപ്പിടലും അതിന്റെ മറവില് കുറച്ചുപേര് നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ്. പക്ഷേ ലൈഫ് മിഷന് സിഇഒ എന്ന നിലയില് അന്വേഷണ ഏജന്സികളുടെ തെളിവെടുപ്പും, മാധ്യമങ്ങളുടെ ആക്രമണവും ജീവിതത്തില് ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകാനായെന്നും യു വി ജോസ്് പറഞ്ഞു. നാളെ വിരമിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തെ തിരിഞ്ഞു നോക്കുമ്പോള് തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. എത്ര ചെറുതാണെങ്കിലും ഏറ്റെടുത്ത എല്ലാ ജോലികളിലും സ്വന്തമായ ഒരു കയ്യൊപ്പു സംഭാവന ചെയ്യാന് കഴിഞ്ഞിട്ടുണ്ടെന്ന് താന് പൂര്ണമായി വിശ്വസിക്കുന്നു. സാധാരണ ജനങ്ങള്ക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്നങ്ങള് സ്വന്തം പ്രശ്നം പോലെ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഔദ്യോഗികമായി സര്ക്കാര് ജോലിയില് നിന്നും വിരമിക്കുന്നത്. ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും സാധാരണ ജനങ്ങള്ക്കുവേണ്ടി ഇനിയും ജീവിതത്തില് കൂടുതല് കാര്യങ്ങള് ചെയ്തു തീര്ക്കാനുണ്ടെന്നും യു വി ജോസ് പറഞ്ഞു.