ലൈഫ് മിഷൻ സിഇഒയും കോഴിക്കോട് മുൻ ജില്ലാ കളക്ടറുമായിരുന്ന യുവി ജോസ് നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ തന്റെ വ്യക്തി ജീവിതത്തെ പിടിച്ചുകുലിക്കിയെന്ന് പറഞ്ഞ യുവി ജോസ് ഐഎഎസിലേക്കുള്ള തന്റെ കടന്ന് വരവിനെ കുറിച്ചും ഫെയ്സ്ബുക്കിലൂടെ വിവരിക്കുകയാണ്.
യുവി ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
കടപ്പാടും നന്ദിയും …
സിവിൽ സർവീസിലേക്ക് പ്രവേശനം ലഭിച്ചത് മൂലം നീട്ടിക്കിട്ടിയ 4 വർഷങ്ങളും കടന്ന് ഔദ്യോഗിക സർവീസിൽ നിന്നും ഈ മാസം 31 ന് വിരമിക്കുന്നു. ഒരിക്കൽ വരുമെന്ന് തീർച്ചയായിരുന്നെങ്കിലും ഈ ദിനം ഇത്രയും പെട്ടെന്ന് ഓടിയെത്തുമെന്ന് കരുതിയില്ല …
Town Planning വകുപ്പിൽ Assistant Town Planner ആയിട്ടാണ് State സർവീസിൽ പ്രവേശിച്ചതെങ്കിലും അതിനു മുമ്പും ശേഷവും വൈവിധ്യങ്ങളായ മേഖലകളിൽ ജനസേവനത്തിന് അവസരം ലഭിച്ചുവെന്നത് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. കോഴിക്കോട് CWRDM ൽ നിന്നും റിസേർച് രംഗത്ത് കിട്ടിയ ആവേശം ഗോവയിലെ National Institute of Oceanography യിൽ Scientist പോസ്റ്റിൽ എത്തിച്ചു. ഇനി ശാസ്ത്രലോകത്തുതന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ടൌൺ പ്ലാനിംഗ് വകുപ്പിലേക്ക് PSC appointment കിട്ടിയത് …. ഗോവയിലുള്ള സമയത്തു കല്യാണം കഴിഞ്ഞിരുന്നത് കൊണ്ടും നാട്ടിലെ ജീവിതമായിരിക്കും കുടുംബ ജീവിതത്തിന് ഗോവയിലേക്കാൾ നന്നാവുക എന്ന് തോന്നിയതിനാലും കൂടുതൽ ആലോചിക്കാതെ നാട്ടിലേക്കു തിരിച്ചു വന്ന് 1989 ൽ Town Planning വകുപ്പിൽ ഷീശി ചെയ്തു … വയനാട് town planning ൽ ജോലി ചെയ്യുമ്പോൾ DTPC യുടെ അഡിഷണൽ ചാർജ് കൂടി ലഭിച്ചത് ( 1992) ടൂറിസം പ്രവർത്തന മേഖലയിലേക്കുള്ള ആദ്യ കാൽവെപ്പായി.
ആ കാലയളവിൽ വയനാട് ജില്ലാ കലക്ടറും DTPC ചെയര്മാനുമായിരുന്ന UKS ചൗഹാൻ സർ (പ്രിയപ്പെട്ട സർ അകാലത്തിൽ നമ്മെ വിട്ടു പോയി… പ്രണാമം) ടൂറിസം ഡയറക്ടർ ആയപ്പോൾ ടൂറിസം വകുപ്പിൽ നിലവിലുണ്ടായിരുന്ന Planning Officer തസ്തികയിൽ ( 1997) എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി …വയനാട്ടിൽ നിന്നും വാസം തിരുവനന്തപുരത്തേക്ക് മാറ്റി. എഞ്ചിനീയറിംഗ് ബിരുദവും, പ്ലാനിങ്ങിൽ ബിരുദാനന്ദ ബിരുദവും, എം.ബി.എ. യും ടൂറിസം വകുപ്പിൽ ഏവരുടേയും പ്രതീക്ഷയേക്കാളും ഉയർന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നതിനു സഹായിച്ചു. … ടൂറിസം വകുപ്പിലെ നല്ല പ്രവർത്തനമാണ് സിവിൽ സർവീസിലേക്കുള്ള വാതിൽ തുറന്നു തന്നത് . ഇതിനിടയിൽ 2002 ൽ IT Mission ൽ ഒരു വര്ഷം മിഷൻ കോഓർഡിനേറ്റർ ആയി ജോലി ചെയ്തപ്പോഴാണ് അക്ഷയ എന്ന ആഗോള ശ്രദ്ധ നേടിയ പദ്ധതി ആവിഷ്കരിച്ചതും മലപ്പുറം ജില്ലയിൽ പൈലറ്റ് ചെയ്തതും …
ടൂറിസം വകുപ്പിൽ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ തുടങ്ങി അഡിഷണൽ ഡയറക്ടർ ആയും പിന്നീട് IAS കിട്ടിയതിനു ശേഷം 2016 ൽ ഡയറക്ടർ ആയും ജോലി ചെയ്യാൻ പറ്റിയെന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു. ടൂറിസം സെക്ടറിൽ 1998-2012 കാലയളവിൽ തുടങ്ങിയതും ഇന്നും തുടരുന്നതുമായ മിക്ക പദ്ധതികളും സ്കീമുകളും രൂപകല്പന ചെയ്യുന്നതിലും പ്രാവർത്തികമാക്കുന്നതിലും നിർണ്ണായകമായ പങ്കു വഹിക്കാൻ കഴിഞ്ഞുവെന്നത് ഒത്തിരി സംതൃപ്തി നൽകുന്നു. ഇതിൽ ഏറ്റവും സംതൃപ്തി നൽകുന്നത് ഉത്തരവാദിത്വ ടൂറിസം ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് ടൂറിസം സെക്രട്ടറി വേണു സാറുമൊത്തു നടത്തിയ പ്രവർത്തനങ്ങളാണ്..
IAS ലേക്കുള്ള പ്രവേശനം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ടൂറിസം വകുപ്പിൽ ജോലി ചെയ്യുമ്പോൾ പല മേലുദ്യോഗസ്ഥരും ഇത്തരത്തിൽ ഒരു സാധ്യത സൂചിപ്പിച്ചിരുന്നുവെന്നത് സത്യമാണ് . എന്നാൽ വയനാട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച് വെറും സാധാരണ പള്ളിക്കൂടത്തിൽ പഠിച്ചു വളർന്ന എനിക്ക് IAS എന്നത് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. എങ്കിലും പലരുടെയും പ്രചോദനത്താൽ IAS പദവി ഞാനും സ്വപ്നം കാണാൻ തുടങ്ങി. പിന്നെ അതിനു വേണ്ടിയുള്ള കഠിന പ്രയത്നമായിരുന്നു. അതിപ്രഗത്ഭരായ സീനിയർ IAS കാരോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചുവെന്നത് എന്നെ വളരെയേറെ സഹായിച്ചു. Amitab kant സർ , Bharat Bhushan സർ, ഠ ബാലകൃഷ്ണൻ സർ, Viswas Mehta സർ, UKS Chouhan സർ, Dr. Venu സർ, Alkesh kÀ Suman സർ തുടങ്ങിയവരൊക്കെ എന്നെ കുറച്ചല്ല സ്വാധീനിച്ചത്. ഏതു ജോലിയായാലും അവയോടു കാണിച്ച അർപ്പണ ബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. Non-SCS വിഭാഗത്തിൽ 2014 IAS സെലക്ട് ലിസ്റ്റിൽ പേര് വന്നു. സംസ്ഥാന ലിസ്റ്റിൽ ഉണ്ടായിരുന്ന 10 പേർക്കായി ഡൽഹിയിൽ വെച്ച് UPSC നടത്തിയ ഇന്റർവ്യൂവിൽ ഒന്നാമനായി IAS ലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം Chief Secretary Bharat Bhooshan സാർ ഫോണിൽ അറിയിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു…
എന്റെ മകനെ കലപ്പ പിടിപ്പിക്കില്ലാ എന്ന് ഞാൻ LP സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച ചാച്ചനെയും, വിളക്കിന്റെ വെളിച്ചത്തിൽ വയനാടൻ തണുപ്പിൽ കമ്പിളിപ്പുതപ്പിന്റെ മറവിൽ രാത്രി വൈകിയിരുന്നു പഠിക്കുമ്പോൾ ചൂടു പാലും ഒളിപ്പിച്ചു വെച്ചിരുന്ന കോഴി മുട്ട പുഴുങ്ങിയതുമായി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ പകുതി ചാരിയ വാതിൽ മെല്ലെത്തുറന്നു കയറിവരുന്ന അമ്മച്ചിയേയും, മുഴുവൻ സമയവും ഓഫീസ് കാര്യങ്ങൾക്കായി മാറ്റിവെച് വീട്ടിലെത്തിയാലും ഫയൽ നോട്ടവും പഠിത്തവുമായി തിരക്കിട്ട ജീവിതത്തിൽ ഒരു പരാതിയും പറയാതെ എല്ലാം സഹിക്കുകയും support ചെയ്യുകയും ചെയ്തു എന്നെ ഈ ഉയരങ്ങളിൽ എത്തിച്ചതിനു മുഴുവൻ കരണക്കാരിയുമായ ഭാര്യ പീസമ്മയെയും, എന്റെ ഓരോ കാൽവെപ്പിലും പ്രോത്സാഹനവും പിന്തുണയുമായി കൂടെ നിൽക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന പ്രിയപ്പെട്ട father-in -law ഇച്ചാച്ചനെയും ഒക്കെ ആ സന്തോഷ മുഹൂർത്തത്തിൽ നന്ദിയോടെ ഓർത്തു…IAS ൽ 2008 ബാച്ച് award award ചെയ്ത് തുടക്കത്തിൽ തന്നെ കോട്ടയത്ത് ജില്ലാ കളക്ടർ ആയി നിയമിച്ചു…
ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അനന്തമായ സാധ്യതയാണ് കളക്ടർ എന്ന പദവി തുറന്നു തന്നത് … Zero waste കോട്ടയം, ജനസൗഹൃദ ഭരണകൂടം എന്നിങ്ങനെ ഒട്ടനവധി നൂതന പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോൾ വന്ന അപ്രതീക്ഷിത ട്രാൻസ്ഫർ മറ്റൊരു വലിയ അവസരം തുറന്നു തന്നു… ടൂറിസം വകുപ്പിൽ വർഷങ്ങൾ ജോലി ചെയ്യുമ്പോഴൊക്കെ ചെറിയ ഒരു അസ്സൂയയോടെയായിരുന്നു ഡയറക്ടറുടെ കസേരയെ കണ്ടിരുന്നത്. കോട്ടയത്ത് നിന്നുള്ള മാറ്റം എന്നെ ടൂറിസം ഡയറക്ടർ എന്ന സ്വപ്ന പദവിയിൽ എത്തിച്ചു. സുപരിചിതമായ ടൂറിസം മേഖലയിൽ ഉത്തരവാദിത്വ ടൂറിസത്തിനു പ്രത്യേക പ്രാധാന്യം നൽകുകയും അതിനായി പ്രത്യേക മിഷൻ രൂപീകരിക്കുന്നതിന് അംഗീകാരം വാങ്ങിയെടുക്കുന്നതിനും സാധിച്ചു. 15 വർഷത്തിലേറെ ടൂറിസം രംഗത്തുള്ള പരിചയം Green Carpet എന്ന പുതിയ പദ്ധതി രൂപീകരണത്തിനും സഹായിച്ചു….
അപ്രതീക്ഷിത സംഭവങ്ങളാണ് എന്റെ ജീവിതത്തിൽ എപ്പോഴും വലിയ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ളത് … അത് പോലെ എന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ മാറ്റി മറിച്ച, എന്നും വിശ്വസിച്ചുപോന്നിരുന്ന ദൈവം അറിഞ്ഞു തന്ന അനുഗ്രഹമായിരുന്നു, കോഴിക്കോട് കളക്ടർ ആയുള്ള നിയമനം. 2017 ഫെബ്രുവരിയിൽ കോഴിക്കോട് കളക്ടർ ആയി ചാർജെടുത്തത് മറ്റൊരു സ്വപ്ന സാഫല്യമായി…കോഴിക്കോട് ഉണ്ടായിരുന്ന 20 മാസം എന്റെ സർവീസിലെ ഏറ്റവും വിലപ്പെട്ട കാലമായിരുന്നു. നിപ്പയും, കട്ടിപ്പാറ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായി ഒന്നിന് പുറകെ ഒന്നായി വൻ ദുരന്തങ്ങൾ വന്നതിനെയൊക്കെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ നേരിട്ടത് വേറിട്ട അനുഭവമായി…. കോഴിക്കോടുകാർക്കല്ലാതെ മറ്റാർക്കും ഒരു ഭരണ സംവിധാനത്തെ ഇത്രയും ആത്മാർത്ഥതയോടെ സഹായിക്കാൻ പറ്റുമായിരുന്നോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട് …
A big Salute to the people of Kozhikode…
ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ ഒട്ടനവധി നല്ല കാര്യങ്ങൾ അവിടെ ചെയ്യാനായി .. കോഴിക്കോടുകാർ 30 വർഷത്തിലേറെയായി ആഗ്രഹിച്ചിരുന്ന മിഠായി തെരുവിന്റെ നവോദ്ധാനവും, വിഭിന്ന ശേഷിയുള്ളവർക്കു വേണ്ടി നടപ്പാക്കിയ കയ്യെത്തും ദൂരത്ത് എന്ന campaign Dw, Zero waste കോഴിക്കോട്, കോളേജ് കുട്ടികളെ ഉൾപ്പെടുത്തി നടപ്പാക്കിയ Campuses of Kozhikode തുടങ്ങിയ നൂതനാശയങ്ങളുമൊക്കെ ജോസേട്ടാ എന്ന് സ്നേഹപൂർവ്വം എന്നെ വിളിച്ചിരുന്ന കോഴിക്കോടുകാർ അവരുടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചു … മഹാപ്രളയ സമയത്ത് സംസ്ഥാനമൊട്ടുക്കുള്ള പ്രളയ ബധിതരെ സഹായിക്കാൻ കേരളജനത മുഴുവൻ മുന്നോട്ടിറങ്ങിയപ്പോഴും കോഴിക്കോടുകാർ ഒരു പടി മുമ്പിലായിരുന്നു.
2018 നവംമ്പറിൽ ജില്ലാ കളക്ടർ എന്ന റോളിൽ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോൾ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ..ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ തസ്തികയോടൊപ്പം ഞാൻ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷൻ CEO എന്ന പോസ്റ്റും … Life മിഷനിൽ ആയിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവും. ഒരു വർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി …
എന്നാൽ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്. Red Crescent എന്ന അന്തരാഷ്ട്ര സംഘടനയുമായി നടന്ന MOU ഒപ്പിടലും അതിന്റെ മറവിൽ കുറച്ചുപേർ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ് …ലൈഫ് മിഷൻ CEO എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാൽ, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഞാനിപ്പോൾ …ഇതിനിടയിൽ PRD ഡയറക്ടർ ആയിരുന്നു ഒരു വർഷം. കഴിഞ്ഞ 6 മാസമായി LSGD യിൽ അഡിഷണൽ /സ്പെഷ്യൽ സെക്രട്ടറിയായി സെക്രട്ടേറിയറ്റ് ജോലിയുടെയും രുചി അറിയാനായി …
തിരിഞ്ഞു നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. എത്ര ചെറുതാണെങ്കിലും ഏറ്റെടുത്ത എല്ലാ ജോലികളിലും സ്വന്തമായ ഒരു കയ്യൊപ്പു സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. സാധാരണ ജനങ്ങൾക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം പോലെ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഞാൻ ഔദ്യോഗികമായി സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നത് ..
ഓരോ വ്യക്തിയെയും സൃഷ്ടിക്കുന്നത് സാഹചര്യങ്ങളാണ് … എന്നെ ഞാനാക്കിയ കുടുംബാംഗങ്ങളോടും , സഹോദരങ്ങളോടും , സഹപ്രവർത്തകരോടും, എന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു കൂട്ടം നല്ലവരായ സുഹൃത്തുക്കളോടും, പ്രതിസന്ധി ഘട്ടത്തിൽ എനിക്കുവേണ്ടി പ്രാർത്ഥിച്ച നൂറുകണക്കിന് സുമനസ്സുകളോടുമുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തട്ടെ … എനിക്ക് എപ്പോഴും താങ്ങും തണലുമായി എന്നോടൊപ്പം നിന്ന, എന്നെ എല്ലാക്കാര്യങ്ങളിലും പിന്തുണച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ പീസമ്മയോടും, പൊന്നോമനമക്കൾ വാവക്കുട്ടനോടും ( Dean Jose, Senior Process Engineer, TESLA, California), മാളുക്കുട്ടിയോടും (Pooja Jose, Consultant, Bain & Company, Mumbai) ഉള്ള കടപ്പാടും സ്നേഹവും വാക്കുകളിൽ ഒതുക്കാവുന്നതല്ല …
ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു … എന്തിനെന്ന് എനിക്കറിയില്ല… ഞാൻ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്നവരെയോർത്തു സമാധാനിക്കും …
ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തിൽ കൂടുതൽ അർത്ഥവത്തായ ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് .. … സാധാരണ ജനങ്ങൾക്കുവേണ്ടി ….. അവരോടൊപ്പം നിന്ന് …. …മറ്റൊരു ഇന്നിംഗ്സ് … കൂടെ കൂടുമല്ലോ…
ആ്യല ….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ ,
യു വി ജോസ്