കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80:20 അനുപാതം അനുവദിച്ചിട്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ഏറെ ചർച്ചയായിരിക്കുകയാണ്. വിധി പഠിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അപ്പീൽ നൽകണമെന്ന് സർക്കാരിനോട് ഒരുമിച്ച് ആവശ്യപ്പെടുകയാണ് മുസ്ലീം സംഘടനകൾ. ഈയൊരു സാഹചര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധനും എം.ഇ.എസ് പ്രസിഡന്റുമായ ഡോ.ഫസൽ ഗഫൂർ മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
കോടതി വിധിയിൽ എന്താണ് എം.ഇ.എസ് നിലപാട്?
ഏത് കോടതി വിധി വന്നാലും അത് പ്രഥമദൃഷ്ട്യാ അംഗീകരിക്കുക എന്നതാണ് നമ്മുടെ കീഴ്വഴക്കം. പക്ഷെ നമുക്കതിൽ വിയോജിപ്പുണ്ടെങ്കിൽ അപ്പീൽ പോവാം. അങ്ങനെ അപ്പീൽ പോവണമെന്നതാണ് എം.ഇ.എസിന്റെ നിലപാട്. വിധി പരിശോധിച്ചതിന് ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം വേണ്ട കാര്യങ്ങൾ ചെയ്യും.
ഇങ്ങനെ ഒരു കോടതി ഉത്തരവിന് വഴിവെച്ചതിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടോ?
അതിൽ അർഥമില്ല. ഇത് പതിമൂന്ന് കൊല്ലം മുമ്പ് 2008-ൽ പാലോളി കമ്മറ്റിയുടെ നിർദേശ പ്രകാരം ഉണ്ടായതാണ്. അതിന്റെ ഒരു പശ്ചാത്തലം കൂടി നമ്മൾ പരിശോധിക്കേണ്ടതുണ്ട്. അന്ന് സച്ചാർ കമ്മീഷൻ എന്ന കമ്മിറ്റിയെ യു.പി.എ സർക്കാർ മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാനായിട്ട് നിയോഗിച്ചു. അതേ പോലെ തന്നെ രംഗനാഥ് മിശ്ര കമ്മീഷനേയും നിയോഗിച്ചു. ഈ കമ്മീഷനുകളുടെ പ്രത്യേകിച്ച് സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഇന്ത്യയിലെ മുസ്ലീംങ്ങൾ ഉദ്യോഗത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമെല്ലാം ദളിത് വിഭാഗങ്ങളെക്കാളും പിന്നിലാണെന്ന് കണ്ടെത്തിയിരുന്നു. ഇത് എങ്ങനെയാണ് കണ്ടെത്തിയത് എന്നുവെച്ചാൽ ദളിത് വിഭാഗങ്ങൾക്കെല്ലാം പ്രത്യേക സംവരണം വേറെയുണ്ട്. എന്നാൽ മുസ്ലീംങ്ങൾക്ക് അത്തരം സംവരണം അക്കാലത്ത് പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നില്ല.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കേരളത്തിലും ഇക്കാര്യത്തിൽ പഠനം നടത്താൻ തീരുമാനമെടുത്തപ്പോൾ കേരളത്തിലെ സർക്കാർ സർവീസിൽ മുസ്ലീംങ്ങൾക്ക് പന്ത്രണ്ട് ശതമാനം സംവരണം ഉണ്ടെങ്കിൽ കൂടി അവർ പത്ത് ശതമാനമേ ഉള്ളൂവെന്ന് കണ്ടെത്തി. അതേ പോലെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് 7000-ൽ അധികം ഒഴിവുകൾ ഇവർക്ക് നഷ്ടപ്പെട്ട് പോയെന്നും കണ്ടെത്തി. ഒപ്പം സാമ്പത്തികമായി വലിയ രീതിയിൽ പിന്നോക്കാവസ്ഥയിലാണെന്നും കണ്ടെത്തിയിരുന്നു. ഇങ്ങനെ പല കണ്ടെത്തലിന്റെ അടിസ്ഥാനാത്തിലാണ് നിലവിലെ റിസർവേഷൻ വന്നത്. ഇത് ഒഴിവാക്കപ്പെടുമ്പോൾ വലിയ തിരിച്ചടിയാണ് ഈ വിഭാഗത്തിനുണ്ടാവുക. അതിൽ ആശങ്കയിലുമാണ്.
സർക്കാർ അപ്പീൽ പോവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
സർക്കാർ നിർബന്ധമായും അപ്പീൽ പോവണം. അല്ലെങ്കിൽ നിരുത്തരവാദപരമായി പോവും. കാരണം സർക്കാർ തന്നെ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് കോടതി വിധിയോടെ ഇല്ലാതായി പോവുക. അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. സർക്കാർ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ജിവിതാവസ്ഥ പരിഗണിക്കാതെ ജനസംഖ്യാനുപാതത്തിൽ സ്കോളർഷിപ്പ് അനുവദിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്കോളർഷിപ്പിൽ തുല്യതയെന്നത് ശരിയായ രീതിയല്ലേ?
ജീവിതാവസ്ത പരിഗണിക്കാതെ ജനസംഖ്യാനുപാതത്തിലുള്ള നിലപാട് ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം. പിന്നെ സ്കോളർഷിപ്പിൽ നിലവിൽ തുല്യതയുണ്ട് എന്നത് തന്നെയാണ് യാഥാർഥ്യം. എന്തുകൊണ്ടെന്നാൽ ഇപ്പോൾ മുന്നോക്ക സമുദായ കോർപ്പറേഷൻ ഇവിടെയുണ്ട്. അവർ ഒരു പാട് സ്കോളർഷിപ്പ് കൊടുക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അതിന്റെ തോത് ഇതിനേക്കാൾ കൂടുതലുണ്ടെന്നാണ്. രണ്ടാമത്തെ കാര്യം ഇപ്പോൾ മുന്നോക്ക സമുദായ സംവരണം വന്നിട്ടുണ്ട് എന്നതാണ്. അതിനെതിരേ ചില എതിർപ്പുകളൊക്കെ ഉയർന്ന് വന്നിട്ടുണ്ടെങ്കിലും അത് എല്ലാവരും അംഗീകരിച്ച മട്ടിൽ തന്നെയാണ്. ഇങ്ങനെയൊക്കെ ഉള്ള സാഹചര്യത്തിൽ തുല്യതയിൽ പ്രശ്നമില്ല എന്നതാണ് സത്യം.
കോടതി വിധിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് നിലപാടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ പരിപാടികളിലേക്ക് പോവാൻ മുസ്ലീം സംഘടനകൾ നിർബന്ധിക്കപ്പെടുമോ?
സമരത്തിന് പോവുന്നതിലൊന്നും യാതൊരു അർഥവുമില്ല. കാരണം ഇത് നിയമപരമായ കാര്യമാണ്. നിയമപരമായ പോരാട്ടം തന്നെയായിരിക്കും പ്രതിഷേധം. കോടതിയിൽ അപ്പീൽ പോവുകയെന്നത് ഒരു പ്രതിഷേധ രീതി തന്നെയാണ്. ഒപ്പം പറ്റാവുന്നപോലെ മാധ്യമങ്ങളിലും സംഘടനകൾ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ടിരിക്കും. സംഘടനകളെല്ലാം ഈ രീതിയിൽ അപ്പീൽ പോവുമെന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനൊപ്പം ഒരു കാര്യം കൂടി എനിക്ക് പറയാനുള്ളത് വർഗീയ വിഷയങ്ങൾ അനാവശ്യമായി കുത്തിപ്പൊക്കി കേരളത്തിൽ സമുദായങ്ങൾ തമ്മിലുള്ള ധ്രുവീകരണം ഉണ്ടാകുന്നത് ശരിയല്ല. ഇപ്പോൾ തന്നെ കുറച്ച് കാലമായി ക്രൈസ്തവ വിഭാഗങ്ങളും മുസ്ലീം വിഭാഗങ്ങളും തമ്മിൽ ധ്രുവീകരണം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.
ആ ശ്രമങ്ങളെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. പല കുത്തിത്തിരിപ്പുകളും ഉണ്ടാക്കിയിട്ടും ഇതുവരെ കാര്യമായൊന്നും സംഭവിച്ചില്ലല്ലോ? വളരെ സെക്കുലർ ആയ ഒരു സർക്കാരാണ് ഇവിടെ ഭരിച്ച് കൊണ്ടിരിക്കുന്നത്. ഇനിയൊര് അഞ്ച് കൊല്ലത്തേക്ക് ഇത്തരത്തിലുള്ള ധ്രുവീകരണം ഉണ്ടാക്കിയിട്ട് ഒരു പൊട്ടാസും പൊട്ടാൻ പോവില്ല എന്നതാണ് യാഥാർഥ്യം.
content highlights:minority scholarship verdict, fazal gafoor