ന്യൂഡൽഹി
കോവിഡ് ദുരിതാശ്വാസ സാമഗ്രികൾക്ക് ജിഎസ്ടി ഒഴിവാക്കണമെന്നത് പരിശോധിക്കാനുള്ള മന്ത്രിതല സമിതിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അംഗം. വെള്ളിയാഴ്ചത്തെ ജിഎസ്ടി കൗൺസില് യോഗമാണ് എട്ടംഗ സമിതി രൂപീകരിച്ചത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് സമിതി കൺവീനർ. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗോവ ഗതാഗതമന്ത്രി മോവിൻ ഗോഡിൻഹോ, ഒഡിഷ ധനമന്ത്രി നിരഞ്ജൻ പൂജാരി, തെലങ്കാന ധനമന്ത്രി ടി ഹരീഷ്റാവു, ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന എന്നിവരാണ് മറ്റ് അംഗങ്ങൾ. കോവിഡ് വാക്സിൻ, മരുന്ന്, ടെസ്റ്റിങ് കിറ്റ്, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, പൾസ് ഓക്സിമീറ്റര്, സാനിറ്റൈസര്, ഓക്സിജൻ കോൺസെൻട്രേറ്റര്, വെന്റിലേറ്റര്, പിപിഇ കിറ്റ്, സർജിക്കൽ മാസ്ക്, എൻ–-95 മാസ്ക് തുടങ്ങിയവയ്ക്ക് ജിഎസ്ടി ഒഴിവാക്കണോയെന്നും ഇളവ് അനുവദിക്കണോയെന്നും സമിതി പരിശോധിക്കും. ജൂൺ എട്ടിനകം റിപ്പോർട്ട് സമർപ്പിക്കും.