തിരുവനന്തപുരം
താലൂക്ക് സപ്ലൈ ഓഫീസുകളിൽ തീർപ്പാകാതെ കിടക്കുന്ന പരാതികൾ ഒരുമാസത്തിനകം പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ്, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നൽകുന്ന പരാതികൾ മോണിറ്റർ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പരും ജനങ്ങൾക്ക് ലഭ്യമാക്കും. നിലവിൽ പരാതി സമർപ്പിക്കാനുള്ള ടോൾഫ്രീ നമ്പരായ 1967നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തും. min.food@kerala.gov.in എന്ന മെയിലിലൂടെ മന്ത്രിക്ക് നേരിട്ടും പരാതി സമർപ്പിക്കാം.
ആഗസ്തുമുതൽ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച പകൽ രണ്ടുമുതൽ മൂന്നുവരെ ഫോൺ ഇൻ പരിപാടി നടത്തും. ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജിവകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും ജനങ്ങൾക്ക് മന്ത്രിയെ നേരിട്ടറിയിക്കാം.
മുൻഗണനാ കാർഡ്: അനർഹർക്ക് സ്വയം ഒഴിയാൻ അവസരം
മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് അത് സ്വയം ഒഴിവാക്കുന്നതിന് അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് ജൂൺ 30 വരെ ഗ്രേസ് പീരീഡ് അനുവദിക്കും. ഈ സമയത്തിനുള്ളിൽ കാർഡ് സറണ്ടർ ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയോ ശിക്ഷാനടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
നെറ്റ്വർക്ക്, സെർവർ തകരാർ സംഭവിച്ചാലും അരമണിക്കൂറിനുള്ളിൽ ഉപഭോക്താവിന് റേഷൻ നൽകാൻ സംവിധാനം ഒരുക്കും. ഇതിലൂടെ റേഷൻകടകളിൽ അരമണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടിവരില്ല. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കും. റേഷൻകട, സപ്ലൈകോ ഔട്ട്ലെറ്റുകളില്ലാത്ത ആദിവാസി, തൊഴിലാളി സെറ്റിൽമെന്റുകളിൽ മൊബൈൽ റേഷൻകട/ മാവേലി സ്റ്റോർ എന്നിവ വ്യാപകമാക്കും.
ക്വാറന്റൈനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വാർഡ് അംഗത്തിന്റെ സഹായത്തോടെ വീടുകളിൽ റേഷൻ എത്തിക്കും.
മത്സ്യത്തൊഴിലാളികൾക്ക് 22 ഇനം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന സൗജന്യ കിറ്റ് നൽകാൻ സർക്കാർ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.