തൃശൂർ
കുഴൽപ്പണക്കേസിലെ പ്രതി ധർമരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിന്റെ മൊഴി. ശനിയാഴ്ചയാണ് ഗിരീഷിനെ ചോദ്യം ചെയ്തത്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ വെള്ളിയാഴ്ച ചോദ്യം ചെയ്തു. പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ അന്വേഷകസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും വിളിപ്പിച്ചത്.
തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തരയോടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറിനൊപ്പം കൊടിവച്ച കാറിലാണ് ഗിരീഷ് എത്തിയത്. പകൽ ഒന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷകസംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്. കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന് ഇറക്കാൻ കൊണ്ടുവന്നതാണെന്ന വിവരം അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചോദ്യങ്ങൾ. കുഴൽപ്പണവുമായി ബന്ധമില്ലെന്ന് ഗിരീഷ് പറഞ്ഞു. എന്നാൽ, ധർമരാജനെ അറിയാമെന്ന് സമ്മതിച്ചു.
പണം കർണാടകത്തിലെ ബിജെപി കേന്ദ്രത്തിൽനിന്ന് വന്നതാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ച ചെയ്ത പണത്തിൽ ഒരു ഭാഗം ബിജെപി നേതാവ് ബിനാമിയെ ഏൽപ്പിച്ചതായാണ് വിവരം. ഇയാൾ പിടിയിലാവുന്നതോടെ നേതാവും കുടുങ്ങും. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് ബിജെപി നേതാക്കളാണെന്ന് ധർമരാജൻ വെളിപ്പെടുത്തി. ജില്ലാകമ്മിറ്റി ഓഫീസിൽനിന്ന് വിളിച്ചുപറഞ്ഞതു പ്രകാരമാണ് മുറി നൽകിയതെന്ന് ഹോട്ടൽ ജീവനക്കാരനും മൊഴി നൽകി. ഇതനുസരിച്ച് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെയും ഉടൻ വിളിപ്പിക്കുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു.