തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. അഞ്ചുവർഷം പ്രതിപക്ഷനേതാവായ തന്നെ ഒഴിവാക്കി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഹിന്ദുവോട്ടുകൾ നഷ്ടമാകാൻ ഇത് കാരണമായെന്നും എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മൻചാണ്ടിയെ അദ്ദേഹംപോലും ആഗ്രഹിക്കാത്ത പദവിയിലേക്ക് കൊണ്ടുവന്നത് അസാധാരണമായി. ഒരു പരാതിക്കും ഇടകൊടുക്കാതെ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. ഈ നടപടിയിലൂടെ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്തെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് തീരുമാനപ്രകാരമാണ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനാക്കിയത്.
അതേസമയം, ഉമ്മൻചാണ്ടിയുടെ വരവാണ് തിരിച്ചടിക്ക് കാരണമെന്ന ചെന്നിത്തലയുടെ നിലപാട് എ ഗ്രൂപ്പിൽ അസ്വാരസ്യമുണ്ടാക്കി. തനിക്കെതിരെ ചെന്നിത്തല കത്തെഴുതുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്കെതിരെ
എഴുതുമെന്ന് കരുതുന്നില്ല
സോണിയ ഗാന്ധിക്ക്, രമേശ് ചെന്നിത്തല അയച്ച കത്തിൽ തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം.
തെരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും രാഷ്ട്രീയമായി ഒരു പ്രാധാന്യവും അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രൻ ഏത് സാഹചര്യത്തിലാണ് തനിക്കെതിരെ പ്രതികരിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.