കണ്ണൂര്> ലോക്ഡൗണ് നീക്കി സാധാരണ നില കൈവരുന്നതു വരെ സംസ്ഥാനത്ത് മദ്യഷാപ്പുകള് തുറക്കില്ലെന്ന് തദ്ദേശഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദന്. ബെവ്ക്യു ആപ് വഴി മദ്യവിതരണം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന് മന്ദിരത്തില് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനൊപ്പം പരമാവധി തൊഴിലവസരങ്ങള് സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
മാലിന്യസംസ്കരണവും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങള് തുടര്ന്നുകൊണ്ടു തന്നെ കേന്ദ്രീകൃത മാലിന്യസംസ്കാരണത്തിന് വിപുലമായ പദ്ധതികള് തയ്യാറാക്കും. ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതി. ജനങ്ങളെ പൂര്ണമായും വിശ്വാസത്തിലെടുത്താകും പദ്ധതി നടപ്പാക്കുക.
കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് കൂടുതല് ഫലപ്രദമാക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ അടിയന്തിര ചുമതല. പൊതുവില് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ രംഗത്ത് നന്നായി ഇടപെടുന്നുണ്ട്. ഒറ്റപ്പെട്ട കുറവുകള് എവിടെയെങ്കിലും ഉണ്ടെങ്കില് പരിഹരിക്കാനാവശ്യമായ ഇടപെടല് നടത്തും. ഇതിനായി ജില്ലാതലത്തില് അവലോകനങ്ങള് നടത്തും. രണ്ടാംതരംഗത്തിന്റെ ഭാഗമായുള്ള ചികിത്സാസൗകര്യങ്ങളും ഓക്സിജന് ലഭ്യതയും എല്ലായിടത്തും ഉറപ്പുവരുത്തിയിട്ടുണ്ട്.
മൂന്നാംതരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇനി വേണ്ടത്.
കുടുംബശ്രീയിലെ അഭ്യസ്തവിദ്യരായ യുവതികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന് പ്രത്യേക പദ്ധതി നടപ്പാക്കും. ന്യൂനപക്ഷ സംവരണാനുപാത വിഷയത്തില് ഹൈക്കോടതി വിധി നടപ്പാക്കുമെന്നും മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.