‘വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ശബ്ദ സന്ദേശങ്ങളായും കൊച്ചു കൊച്ചു വീഡിയോകളും ചിത്രങ്ങളുമായും മക്കള് എന്റെ ഉള്ളില് നിറഞ്ഞു.വരാന്ത്യങ്ങളില് ഇടയ്ക്കിടെ ഓണ്ലൈന് ആയി ഒത്തു കൂടുമ്പോള് അവരുടെ കൊച്ചു കൊച്ചു വര്ത്തമാനങ്ങളും കളിയും ചിരിയും പാട്ടും കഥകളും ഒക്കെയായി സര്ഗ്ഗവേളകള് പിറവിയെടുത്തു’ –നിലമ്പൂര് ചെട്ടിയങ്ങാടി ഗവണ്മെന്റ് മോഡല് യുപി സ്കൂളിലെ അദ്ധ്യാപികയായ ഷീജ എംപി എഴുതുന്നു
ഫേസ്ബുക്ക് പോസ്റ്റ്
ജൂണ് മാസം പ്രവേശനോത്സവം മുതല് മാര്ച്ചില് മികവ് ഉത്സവം വരെ എന്തെല്ലാം പ്രവര്ത്തനങ്ങളിലൂടെയാണ് ഞങ്ങള് കടന്നു പോകാറുള്ളത്.ഒന്നാം ക്ലാസിലെ ഒന്നാമത്തെ ദിവസം കരച്ചിലും ബഹളവും ഒക്കെ പഴങ്കഥകള് ആയിട്ടുണ്ട്. പ്രവേശനോത്സവ ഗാനങ്ങളും അലങ്കാരങ്ങളും പുതിയ കൂട്ടുകാരെ കാത്തിരിക്കുന്ന സമ്മാനങ്ങളും ഓരോ കുഞ്ഞിനെയും വിദ്യാലയത്തോട് കൂടുതല് അടുപ്പിക്കുക തന്നെ ചെയ്യും.
അന്നുമുതല് ആടിയും പാടിയും കളിച്ചും ചിരിച്ചും ചിത്രങ്ങള് വരച്ചും അവയ്ക്ക് ഭാവനയുടെ വര്ണ്ണങ്ങള് പകര്ന്നും എന്റെ മക്കള് ഉയരങ്ങളിലേക്ക് എത്തുന്നത് നോക്കി നോക്കിയിരിക്കാന് എന്ത് കൗതുകമാണെന്നോ ?? ഗൃഹാന്തരീക്ഷത്തില് നിന്നും വിദ്യാലയാങ്കണത്തിലേക്ക് പെട്ടെന്ന് പറിച്ചു നടുന്ന കുട്ടിയെ വാടാതെ നോക്കാനും, അവര്ക്ക് ആവശ്യാനുസരണം സ്നേഹവും കരുതലും നല്കി, വളര്ന്നു പന്തലിച്ച വലിയ മാമരങ്ങള് ആകാനുള്ള നിലം ഒരുക്കുക എന്നത് ഒന്നാം ക്ലാസിലെ അധ്യാപികയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.
ഓരോ കുട്ടിയേയും പ്രത്യേകം പരിഗണിച്ച്, ഓരോരുത്തരുടെയും സവിശേഷതകള് മനസ്സിലാക്കി അവരോടൊപ്പം നിന്ന് എന്റെയും കൂടി ഇടമാണ് ഈ ക്ലാസ് മുറി എന്ന തോന്നലിലൂടെ അവരെ വളര്ത്തിക്കൊണ്ടുവരിക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.നമ്മുടെ കണ്മുന്നിലാണ് കുഞ്ഞുങ്ങള് വളരുന്നത്. അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം പങ്കുവയ്ക്കുന്നത് ടീച്ചറോടാണ്.
‘അമ്മയ്ക്ക് എന്തറിയാം എന്റെ ടീച്ചര് പറഞ്ഞത് ഇങ്ങനെയാണ്’
എന്റെ ടീച്ചര് ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടത് എന്ന് ഒരിക്കലെങ്കിലും ഉറക്കെ പ്രഖ്യാപിക്കാത്ത മക്കള് ഉണ്ടാകില്ല തന്നെ. ??
അവര് വന്നു ചേര്ന്ന ആദ്യ ദിവസം മുതല് പിരിഞ്ഞു പോകുന്നത് വരെയുള്ള ഓരോ നിമിഷവും ടീച്ചറുടെ മനസ്സിലുണ്ടാകും. അവയോരോന്നും ഒപ്പിയെടുത്ത് രക്ഷിതാവുമായി പങ്കുവെക്കും. അവരുടെ ഓരോ നേട്ടത്തെയും ഏറെ വിലമതിക്കണമെന്നും അവര്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്കണമെന്നും രക്ഷിതാക്കളെ ഓര്മിപ്പിച്ചു കൊണ്ടേയിരിക്കും.
ഒരു തവണയെങ്കിലും ഓരോ കുട്ടിയുടെയും വീട്ടിലെത്തുകയും വീടും ചുറ്റുപാടും അയല്പക്കങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുകയും ചെയ്യും.
ഇങ്ങനെയൊക്കെ ആയിരുന്നു ഞങ്ങള് ഒന്നാംതരം_ഒന്നാന്തരം ആക്കിയിരുന്നത്.
ഈ കൊറോണക്കാലം അതിനൊന്നും അവസരം തരാതെ കടന്നുപോയി????. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ശബ്ദ സന്ദേശങ്ങളായും കൊച്ചു കൊച്ചു വീഡിയോകളും ചിത്രങ്ങളുമായും മക്കള് എന്റെ ഉള്ളില് നിറഞ്ഞു.വരാന്ത്യങ്ങളില് ഇടയ്ക്കിടെ ഓണ്ലൈന് ആയി ഒത്തു കൂടുമ്പോള് അവരുടെ കൊച്ചു കൊച്ചു വര്ത്തമാനങ്ങളും കളിയും ചിരിയും പാട്ടും കഥകളും ഒക്കെയായി സര്ഗ്ഗവേളകള് പിറവിയെടുത്തു.
പാഠഭാഗങ്ങള്ക്കപ്പുറത്തേക്ക് അവര് വരച്ച ചിത്രങ്ങളും അവരുടെ കഥകളും പാട്ടുകളും മറ്റ് സര്ഗ്ഗാത്മക പ്രവര്ത്തനങ്ങളും ഗ്രൂപ്പില് പങ്കുവച്ചു. പരസ്പരം വിലയിരുത്താന് അവസരം നല്കി.രക്ഷിതാക്കളുമായി ഇടയ്ക്കിടെ സംസാരിച്ചു. അവരുടെ ആശങ്കകള് പരിഹരിക്കുന്നതിന് ഒരു പരിധിവരെ സാധിച്ചു.
ഓരോ സംസാരത്തിലും ഓരോ കുഞ്ഞിന്റെ ഉള്ളിലും കൂട്ടുകാരെ ഒരിക്കലെങ്കിലും കാണാന് കഴിയാത്തതിന്റെ വിഷമം അറിയുന്നുണ്ടായിരുന്നു.
പരസ്പരം ഒന്നു കാണാതെ, പരിചയപ്പെടാതെ, ഈ ഒരു വര്ഷം തന്നോടൊപ്പം പഠിച്ചവര് ആരായിരുന്നു എന്ന് കാണിച്ചു കൊടുക്കാന് പോലും കഴിയാതെ എന്റെ മക്കള് വിഷമിക്കരുത് എന്ന് ഞാനും തീരുമാനിച്ചു.
അവര് പോലുമറിയാതെ അവരില് നിന്ന് ശേഖരിച്ച ചിത്രങ്ങളെല്ലാം ചേര്ത്തുവച്ചു. ????
31 വലിയ കുട്ടികള്ക്കൊപ്പം ഒരു ചെറിയ കുട്ടികൂടി ചേര്ന്നപ്പോള് ഇതാ ഞങ്ങളുടെ കോവിഡ് കാല ഓണ്ലൈന് അപാരത ഇങ്ങനെ പൂര്ത്തിയായി. ??????ഇത് കാണുമ്പോള് കുഞ്ഞു മനസ്സുകളില് തെളിയുന്ന ഒരായിരം മഴവില്ലുകള്ക്കോ അവര്ക്കോ,
ഏതിനാകും
കൂടുതല് അഴക്
??????
എന്റെ_മക്കളും_ഞാനും
(ഫോട്ടോ എഡിറ്റിംഗ് മ്മടെ സ്വന്തം തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയും)