തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽമലപ്പുറത്തുംഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഇളവുകളോടെ ജൂൺ ഒമ്പത് വരെ നീട്ടിയിരുന്നു.
കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. മലപ്പുറത്തും ഈ ആഴ്ചയോടെ ടിപിആർ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച 13.3 ശതമാനമാണ് മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേ സമയം ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കർശന നിയന്ത്രണം നിലവിൽ ജില്ലാ കളക്ടർ പിൻവലിച്ചിട്ടില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് അറിയിപ്പ്.