തിരുവനന്തപുരം
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ ഓൺലൈൻ ക്ലാസ് അഞ്ച് മണിക്കൂറാക്കി. ജൂൺ ഒന്നിന് അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പഠനവകുപ്പുകളിലെ ക്ലാസുകൾ ഏത് തീയതി മുതൽ ആരംഭിക്കാമെന്നത് അതത് സർവകലാശാലകൾക്ക് തീരുമാനിക്കാം. ഓൺലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർഥികൾക്ക് ആവശ്യമായ പഠനസഹായികളും നോട്ടുകളും പിഡിഎഫ് രൂപത്തിലും മറ്റും നൽകണം. രാവിലെ എട്ടുമുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്തിനിടയ്ക്ക് അഞ്ചുമണിക്കൂർ ഓൺലൈൻക്ലാസ്, അനുബന്ധ പഠന പ്രവർത്തനങ്ങൾ എന്നിവ നടത്തണം.
രാവിലെ 8.30ന് ആരംഭിക്കുന്ന ക്ലാസ് പകൽ 1.30 വരെയും രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്ലാസ് മൂന്ന് വരെയും 9.30ന് ആരംഭിക്കുന്നവ 3.30 വരെയുമായിരിക്കണം. ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂർ ഓൺലൈൻ ക്ലാസുകൾ വേണം. ബാക്കി സമയം വിദ്യാർഥികൾക്ക് പഠന സഹായകരമായ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. വെള്ളിയാഴ്ച ക്ലാസുകൾ നിലവിലെ രീതിയിൽ പിന്തുടരും. ക്ലാസുകളുടെ സമയക്രമം വിദ്യാർഥികൾക്കുകൂടി സൗകര്യപ്രദമായ രീതിയിൽ കോളേജ് കൗൺസിലുകൾക്ക് തീരുമാനിക്കും.
ലോക്ഡൗണിനുശേഷം
അധ്യാപകർ
കോളേജിലെത്തണം
ലോക്ഡൗൺ പിൻവലിച്ചാൽ ജൂൺ ഒന്നിന് സാങ്കേതിക വിഭാഗത്തിലെ ഉൾപ്പെടെ മുഴുവൻ അധ്യാപകരും കോളേജിൽ എത്തണം. യാത്രാ ബുദ്ധിമുട്ടുള്ളവർ പ്രിൻസിപ്പലിനെ വിവരം അറിയിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ അധ്യാപകർക്ക് ‘വർക്ക് ഫ്രം ഹോം’ ആയി ഓൺലൈൻ ക്ലാസുകൾ എടുക്കാം. കോളേജുകളിൽ അത്യാവശ്യ ജീവനക്കാരുടെ സാന്നിധ്യം പ്രിൻസിപ്പൽ ഉറപ്പാക്കണം.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യം അപര്യാപ്തമായ വിദ്യാർഥികളെ കണ്ടെത്തി വകുപ്പ് മേധാവികളുടെ സഹായത്തോടെ പ്രിൻസിപ്പൽ ആവശ്യമായ സാങ്കേതിക സഹായങ്ങൾ വിദ്യാർഥികൾക്ക് എത്തിക്കണം. ഇതിന് അക്ഷയ സെന്ററുകളുടെ സഹായവും തേടാം. വകുപ്പ് ഡയറക്ടറുടെ അനുമതിയോടെ ഗസ്റ്റ് അധ്യാപകരെ നിയമിക്കാം. പ്രത്യേക സമിതികൾ രൂപീകരിച്ച് കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന രീതി തുടരണമെന്നും തീരുമാനിച്ചു.